ബിജെപി കള്ളപ്പണത്തിന്റെ ഉത്തരവാദിത്തം കേരള നേതൃത്വത്തിന് മാത്രമല്ല; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയെന്നും എ വിജയരാഘവന്‍

Update: 2021-06-11 06:37 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഒഴുക്കിയ കള്ളപ്പണത്തിന്റെ ഉത്തരവാദിത്വം കേരള നേതൃത്വത്തിന് മാത്രമാണെന്ന് ബിജെപിയെ അറിയുന്ന ആരും കരുതില്ലെന്ന് സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും തിരഞ്ഞടുപ്പ് കമ്മീഷന്‍ അശ്രദ്ധ കാട്ടിയെന്നും അദ്ദേഹം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ബിജെപി കൊടകര ഹവാല പണമിടപാട് കേസ് പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടായിരുന്നു വിജയരാഘവന്റെ വിമര്‍ശനം.

ജനപ്രാതിനിധ്യ നിയമവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് ബിജെപി കേരളത്തില്‍ കള്ളപ്പണം ഒഴുക്കിയത്. ഹവാലാക്കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ അത് ഇവിടെ മാത്രം ഒതുങ്ങുന്നതല്ലെന്ന് മനസിലാക്കാന്‍ സാധിക്കും. തീവ്രവര്‍ഗീയ കക്ഷിയാണെങ്കിലും കോണ്‍ഗ്രസിനോളം അഴിമതിയുള്ള പാര്‍ട്ടിയല്ല ബിജെപിയെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ നമുക്കിടയിലുണ്ട്. വര്‍ഗീയത മാത്രമല്ല, അഴിമതിയും ബിജെപിയുടെ മുഖമുദ്രയാണെന്ന് ജനം കൂടുതല്‍ തിരിച്ചറിയാനിരിക്കുകയാണ്.

റഫേല്‍ ഉടപാട് മോദി സര്‍ക്കാര്‍ നടത്തിയ ഏറ്റവും വലിയ അഴിമതിയാണ്. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍നിന്ന് 126 യുദ്ധവിമാനം വാങ്ങാന്‍ ഫ്രാന്‍സ് സര്‍ക്കാരുമായി 2012ല്‍ യുപിഎ സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിരുന്നു. അതു റദ്ദാക്കി ഉയര്‍ന്ന വിലയ്ക്ക് 36 ജറ്റ് വിമാനം വാങ്ങാന്‍ കരാറുണ്ടാക്കി. 36 വിമാനത്തിന് വില 60,000 കോടി രൂപ. യുപിഎ സര്‍ക്കാര്‍ ഉറപ്പിച്ച വിലയുടെ മൂന്നിരട്ടി. ഈ രംഗത്ത് ദീര്‍ഘകാല പരിചയമുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ ഒഴിവാക്കി, 2016 ല്‍ മാത്രം രൂപീകരിച്ച അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനിയെ മോഡി കൊണ്ടുവന്നുവെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ജനപ്രാതിനിധ്യനിയമവും തിരഞ്ഞെടുപ്പ് ചട്ടങ്ങളും തിരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തിയാണ് ബിജെപി കേരളത്തില്‍ പണമൊഴുക്കിയത്. ബിജെപിക്കെതിരെ ജനങ്ങളുടെ ഉയര്‍ന്ന ജാഗ്രത ആവശ്യമാണെന്നും വിജയരാഘവന്‍ ലേഖനത്തില്‍ പറഞ്ഞു.

Tags: