കൊടകര ബിജെപി കുഴല്‍പ്പണക്കേസ്; തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതും അന്വേഷണ പരിധിയില്‍

കവര്‍ച്ചാ പണം കണ്ടെത്തുന്നതിനോടൊപ്പം ഇതിന്റെ ഉറവിടം കൂടി പുറത്തു കൊണ്ടു വരാനാണ് പൊലീസിന്റെ ശ്രമം

Update: 2021-09-24 02:23 GMT

തൃശൂര്‍: കൊടകരയിലെ ബിജെപി കുഴല്‍പണക്കേസിന്റെ തുടരന്വേഷണത്തില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനവും അന്വേഷിക്കും. കര്‍ണാടകത്തില്‍ നിന്ന് എത്തിച്ച ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. ഇതോടെ ബിജെപി സംസ്ഥാന നേതാക്കളും കേസില്‍ പ്രതിയാക്കപ്പെടുമെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്.


കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ തുടരന്വേഷണത്തില്‍ കണ്ടെത്തിയേക്കും. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് ആദ്യം പരാതിയില്‍ പറഞ്ഞ ധര്‍മ്മരാജന്‍ പിന്നീട്, ഇത് തന്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ധര്‍മ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല. കവര്‍ച്ച ചെയ്യപ്പെട്ടതായി പറയുന്ന മുഴുവന്‍ പണവും കണ്ടെത്താനായിട്ടില്ല. ബാക്കി കവര്‍ച്ചാ പണം കണ്ടെത്താന്‍ കേസിലെ മുഴുവന്‍ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. കവര്‍ച്ചാ പണം കണ്ടെത്തുന്നതിനോടൊപ്പം ഇതിന്റെ ഉറവിടം കൂടി പുറത്തു കൊണ്ടു വരാനാണ് പൊലീസിന്റെ ശ്രമം.




Tags: