കൊച്ചി മെട്രോ ക്രിസ്മസ് ആഘോഷം: 'ഫ്രോസ്റ്റി ഫെസ്റ്റ് 2021' കരോള്‍ഗാന മത്സരം 19ന്
കൊച്ചി: കൊച്ചി മെട്രോയുടെ ക്രിസ്മസ് ആഘോഷ പരിപാടിയായ ഫ്രോസ്റ്റി ഫെസ്റ്റ് 2021ന്റെ ഭാഗമായുള്ള കരോള്‍ ഗാന മത്സരം പത്തൊന്‍പതിന് നടക്കും. ആലുവ, ഇടപ്പള്ളി, വൈറ്റില, എറണാകുളം സൗത്ത് എന്നീ മെട്രോ സ്‌റ്റേഷനുകളാണ് കരോള്‍ ഗാന മത്സരത്തിന് വേദിയാവുക. മത്സരത്തില്‍ വിജയികളാകുന്ന ആദ്യ മൂന്ന് ടീമുകള്‍ക്ക് 10,000, 7500, 5000 രൂപ വീതം സമ്മാനിക്കും. ഒരു ടീമില്‍ കുറഞ്ഞത് അഞ്ച് പേര് ഉണ്ടായിരിക്കണം. പ്രായഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
ആലുവ മെട്രോ സ്‌റ്റേഷനില്‍ രാവിലെ 10 മുതല്‍ 11 മണിവരെയും എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഉച്ചക്ക് 12 മുതല്‍ 1 മണിവരെയുമാകും മത്സരം. വൈറ്റില സ്‌റ്റേഷനില്‍ 3 മണി മുതല്‍ 4 മണി വരെയും ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ വൈകിട്ട് 5 മണി മുതല്‍ 6 മണി വരെയും മത്സരം നടക്കും.
മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കും ഒപ്പം യാത്ര ചെയ്യുന്ന ആള്‍ക്കും മത്സരം നടക്കുന്ന സ്‌റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയും സൗജന്യമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും മത്സരം സംഘടിപ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും മത്സരത്തിന് രജിസ്റ്റര്‍ ചെയ്യുന്നതിനും www.kochimtero.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.