ഡല്‍ഹി എന്‍സിഎച്ച്ആര്‍ഒ ജനറല്‍ സെക്രട്ടറിക്കെതിരേ കത്തി ആക്രമണം; പ്രതികളെ പിടികൂടാതെ ഡല്‍ഹി പോലിസ്

Update: 2021-03-26 18:01 GMT

ന്യൂഡല്‍ഹി: ഡല്‍ഹി എന്‍സിഎച്ച്ആര്‍ഒ നേതാവിനെതിരേ കത്തി ആക്രമണം. ജനറല്‍ സെക്രട്ടറി അസീം ഖാനെതിരേയാണ് ആക്രമണം നടന്നത്. പരിക്കേറ്റ അദ്ദേഹത്തെ പ്രഥമിക ചികില്‍സയ്ക്കുവേണ്ടി ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കുവേണ്ടി എയിംസിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി അപകടനിലയിലല്ല.

മാര്‍ച്ച് 25ാം തിയ്യതി രാത്രിയാണ് അസിംഖാനെതിരേ ആക്രമണം നടന്നത്. ഒരാളെ കുറേ പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതു കണ്ട അസിം ഖാന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് ഇരയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അക്രമികള്‍ കത്തിയെടുത്ത് കുത്തിയത്.

ആക്രമണത്തില്‍ അസിം ഖാന് പരിക്കേറ്റു. കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

അസിം ഖാനെ ആക്രമിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ സൗത്ത് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിട്ടുണ്ട്. സംഭവത്തില്‍ ജാമിയ നഗര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഒരാളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിട്ടും പ്രതികള്‍ക്ക് സ്വതന്ത്രരായി സഞ്ചരിക്കാന്‍ കഴിയുന്നുവെന്നത് അമ്പരപ്പിക്കുന്നതാണെന്നും അസിം ഖാനെ ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. അമിത് ശ്രീവാസ്തവ ആവശ്യപ്പെട്ടു.

Tags:    

Similar News