കേസരിയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ കെഎന്‍എ ഖാദര്‍ പങ്കെടുത്തത് ഏറെ ഗൗരവമുള്ളത്: ഡിവൈഎഫ്‌ഐ

Update: 2022-06-23 08:56 GMT

കോഴിക്കോട്: കോഴിക്കോട് കേസരിയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത് ഏറെ ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്‌ഐ. ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശി ജെ നന്ദകുമാര്‍ ആയിരുന്നു കെഎന്‍എ ഖാദറിനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചത്.

കേരളത്തില്‍ രൂപപ്പെട്ട യുഡിഎഫ് സംഘപരിവാര്‍ അവിശുദ്ധ സംഖ്യത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ വിലയിരുത്താനാകു. ഈ വിഷയത്തില്‍ ലീഗ് ജനറല്‍ സെക്രെട്ടറി അഡ്വ. പിഎംഎ സലാമിന്റെ പത്രക്കുറിപ്പില്‍ ആര്‍എസ്എസ്സുമായി ബന്ധപ്പെട്ടതെന്ന് പറയപ്പെടുന്ന പരിപാടിയില്‍ കേസരി ഓഫിസില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് എന്നാണ് കാണുന്നത്. ഇത് വ്യക്തമാകുന്നത് ആര്‍എസ്എസ് പരിപാടി എന്ന് ഉറപ്പിച്ചു പറയാന്‍ പോലും ലീഗിന് താല്പര്യമില്ല എന്നതാണ്.

രാജ്യത്ത് മതന്യുനപക്ഷങ്ങളുടെ വീടുകള്‍ സംഘപരിവാരം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമ്പോളാണ് ഇവിടെ ലീഗ് നേതാവിന്റെ ആര്‍എസ്എസ്സുമായുള്ള സൗഹൃദം എന്നത് അപമാനകരമാണ്. ഇടതു പക്ഷത്തെ മുഖ്യ ശത്രുവായി കണ്ട് സംഘപരിവാര്‍ സംഘടനകളുമായി പോലും ഐക്യം ഉണ്ടാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് ചേരുന്നതല്ല.

ഇസ്ലാം മത വിശ്വാസികളുടെ സംരക്ഷകര്‍ എന്ന അവകാശവാദവും ന്യൂനപക്ഷ വേട്ട തുടരുന്ന സംഘപരിവാരത്തിന്റെ കൂടെയുള്ള സഹവാസവും ലീഗ് തുടരുകയാണ്.

ആര്‍എസ്എസ്സിനെതിരെ പരിമിതി പറഞ്ഞു പ്രതിഷേധം പോലും സംഘടിപ്പിക്കാത്ത ലീഗ് മതന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണ്.

കെഎന്‍എ ഖാദറിനെ തള്ളിപറയാത്ത സ്ഥിതിക്ക് ആര്‍എസ്എസ്സുമായുള്ള ചങ്ങാത്തം തുറന്നുസമ്മതിക്കാന്‍ ലീഗ് തയ്യാറാകണം.

പൂക്കോയ തങ്ങളുടെയും സി എച്ചിന്റെയും പാരമ്പര്യവും നിലപാടും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ലീഗില്‍ അവശേഷിക്കുന്നുവെങ്കില്‍ നിലപാട് വ്യകതമാക്കണം.

Tags:    

Similar News