ഭീകരവാദ റിക്രൂട്ട്‌മെന്റുകാര്‍ ആരെന്ന് ബെഹ്‌റ വെളിപ്പെടുത്തണമെന്ന് കെഎംവൈഎഫ്

Update: 2021-06-27 12:00 GMT

തിരുവനന്തപുരം: കേരളം ഭീകരവാദികളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാകുന്നു എന്ന പടിയിറങ്ങുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിരീക്ഷണം ഏറെ ഗുരുതരമാണെന്നും തനിക്കറിയാവുന്ന കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തണമെന്നും കെഎംവൈഎഫ്.

ഭീതിയും ആശങ്കയും ജനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത്തിനൊപ്പം ആരാണ് റിക്രൂട്ട്‌മെന്റുകള്‍ക്ക് പിറകിലെന്നും എത്രയെണ്ണം നടന്നുവെന്നും പറയേണ്ട ഉത്തരവാദിത്വം കൂടി ലോകനാഥ് ബെഹ്റയ്ക്കുണ്ട്. ഹിന്ദുത്വവാദികള്‍ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ പോലിസ് മേധാവിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. അത്തരത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തന്റെ സര്‍വീസ് കാലയളവിനുള്ളില്‍ പുറത്തുകൊണ്ടുവരികയും സമൂഹത്തെ ബോധ്യപ്പെടുത്തുകയും ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനുപകരം പടിയിറങ്ങുമ്പോള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുരൂഹമാണ്. മുന്‍ ഡിജിപി സെന്‍കുമാറിനു അതുപോലെ ബഹ്‌റയുടെയും ആരോപണങ്ങള്‍ പോലിസിന്റെ മതേതര സ്വഭാവത്തെയും വിശ്വാസ്യതയും ആണ് ചോദ്യം ചെയ്യുന്നത്.

ഭീകരവാദവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നിരത്തുകയും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍ തയാറാവുകയും ചെയ്യണമെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും, ജനറല്‍ സെക്രട്ടറി കാരാളി ഇ കെ സുലൈമാന്‍ ദാരിമിയും ആവശ്യപ്പെട്ടു.