കെ.എം ബഷീര്‍ ഫൗണ്ടേഷന്‍ ഓഫിസ് ഉദ്ഘാടനവും മെഗാ മെഡിക്കല്‍ ക്യാമ്പും നടന്നു

Update: 2021-12-27 03:36 GMT

തിരൂര്‍: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീര്‍ സര്‍വ്വരോടും സൗഹൃദം കാത്തു സൂക്ഷിച്ച പത്രപ്രവര്‍ത്തകനായിരുന്നുവെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അനുസ്മരിച്ചു. ബഷീറിന്റെ നാമധേയത്തില്‍ ആരംഭിച്ച കെ എം ബഷീര്‍ ഫൗണ്ടേഷന്റെ ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് വാണിയന്നൂര്‍ എ എം യു പി സ്‌കൂളില്‍ കുറുക്കോളി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മുഹമ്മദ് ബുഖാരി അധ്യക്ഷത വഹിച്ചു. 

സാംസ്‌കാരിക സാമൂഹിക ജീവകാര്യണ്യ മേഖലയില്‍ സജീവ സാന്നിധ്യമാകുന്നതിന് ബഷീറിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ഫൗണ്ടേഷന്‍ ഇതിനകം വിവിധ ഹോസ്പിറ്റലുകളില്‍ വീല്‍ ചെയറുകള്‍ വിതരണം ചെയ്തിരുന്നു.

വാണിയന്നൂര്‍ സ്‌കൂള്‍ പടിയില്‍ ആരംഭിച്ച ഫൗണ്ടേഷന്‍ ഓഫിസില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പും വാരാന്തം ഡോക്ടര്‍മാരുടെ സേവനവും ഉണ്ടായിരിക്കും. 

ചടങ്ങില്‍ ഡോ.സുബൈര്‍ മേടമ്മല്‍, ആര്‍ട്ടിസ്റ്റ് യൂസുഫ് മാസ്റ്റര്‍,ഐ.എസ്.എല്‍ പ്ലേയര്‍ അബ്ദുല്‍ ഹഖ് കര്‍ഷകരായ ചേനാത്ത് മുഹമ്മദ് കുട്ടി, സൈതലവി ഹാജി, മേടമ്മല്‍ അബ്ദുഹാജി എന്നിവരെ ആദരിച്ചു.സയ്യിദ് എ. എസ്.കെ തങ്ങള്‍ അനുമോദന പ്രസംഗം നടത്തി. ഡോ.മുഹമ്മദ് സലീം ഫൗണ്ടേഷന്‍ പദ്ധതി വിശദീകരിച്ചു.

ജനറല്‍ മെഡിസിന്‍, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ഇ.എന്‍.ടി തുടങ്ങിയവയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സൗജന്യ പരിശോധന നടന്നു. സൗജന്യമായി ക്രയാറ്റിന്‍, തൈറോയ്ഡ്, പ്രഷര്‍, ഷുഗര്‍ എന്നിവ പരിശോധിച്ചു. 

വാര്‍ഡ് മെമ്പര്‍മാരായ മുനീറുന്നിസ ടീച്ചര്‍, മന്‍സൂര്‍ മാസ്റ്റര്‍, മഹല്ല് സെക്രട്ടറി സിദ്ധീഖ് ഹാജി, കെ.അബ്ദുറഹ്മാന്‍ ഹാജി,മജീദ് സഖാഫി വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സുനീര്‍, ശശിധരന്‍ മാസ്റ്റര്‍,മജീദ് മാസ്റ്റര്‍, അബ്ദുല്‍ ബാരിര്‍ഷാദ്, ഇബ്‌റാഹീം തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ.സലീം ബാബു സ്വാഗതവും കെ. ഉമര്‍ നന്ദിയും പറഞ്ഞു. 

Tags: