ആദിവാസി കുട്ടികള്‍ക്കുള്ള കിന്റര്‍ഗാര്‍ഡന് അവഗണന: പതിനെട്ട് കുരുന്നുകളുടെ പഠനം പൊട്ടിപ്പൊളിഞ്ഞ ക്ലാസ് മുറിയില്‍

2017 ല്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ നാല് ലക്ഷത്തി എണ്‍പതിനായിരം രൂപ അറ്റകുറ്റപണികള്‍ക്ക് അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ആ പണമുപയോഗിച്ച് അറ്റകുറ്റ പണികള്‍ നടത്തിയിട്ടില്ല.

Update: 2019-11-27 10:42 GMT

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിനു കീഴിലെ ഓടക്കയത്ത് ആദിവാസി കുട്ടികള്‍ക്കായുള്ള കിന്റര്‍ഗാര്‍ഡന്‍ കടുത്ത അവഗണന നേരിടുന്നതായി പരാതി. മൂന്നര മുതല്‍ അഞ്ച് വയസ് വരെയുള്ള പതിനെട്ട് കുട്ടികള്‍ പഠിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ തറയിലിരുന്നാണ്. അറ്റകുറ്റപ്പണിയും സിമന്റ് പ്ലാസ്റ്ററിങ്ങും നടക്കാത്തതുകൊണ്ട് ചുവരുകള്‍ സുരക്ഷിതമല്ല. കുടിവെള്ളവും വൈദ്യുതിയും ഇതുവരെയും ലഭ്യമായിട്ടില്ല. പഞ്ചായത്ത് ഇക്കാര്യത്തില്‍ കനത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു.

ഓടക്കയം ഗവ. എല്‍ പി സ്‌കൂളിന് പിറകില്‍ പ്രവര്‍ത്തിക്കുന്ന കിന്റര്‍ഗാര്‍ഡന്‍ 1996 ലാണ് ആരംഭിക്കുന്നത്. 2001 ല്‍ സ്വന്തം കെട്ടിയത്തിലേക്ക് മാറി. ഇപ്പോഴും ചുറ്റുമതില്‍ കെട്ടിയിട്ടില്ല. കാടും പടര്‍പ്പും നിറഞ്ഞ ചുറ്റുപ്പാടിലാണ് കുട്ടികള്‍ കളിക്കുന്നത്. കുട്ടികള്‍ക്കാവശ്യമായ ഉപകരണങ്ങളും ഇനിയും എത്തിയിട്ടില്ല. 2017 ല്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ നാല് ലക്ഷത്തി എണ്‍പതിനായിരം രൂപ അറ്റകുറ്റപണികള്‍ക്ക് അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ആ പണമുപയോഗിച്ച് അറ്റകുറ്റ പണികള്‍ നടത്തിയിട്ടില്ല.

സംസ്ഥാനത്ത് പട്ടികവര്‍ഗ വകുപ്പിനു കീഴില്‍ ഒന്‍പത് കിന്റര്‍ ഗാര്‍ഡന്‍ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ പള്ളിക്കുത്ത്, മുണ്ടംതോട് ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് കിന്റര്‍ഗാര്‍ഡനുകള്‍ പൂട്ടിക്കഴിഞ്ഞു.

കിന്റര്‍ഗാര്‍ഡനെ പഞ്ചായത്ത് അവഗണിക്കുകയാണന്ന് ഓടക്കയം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. മുഹമ്മത് കുറുവാണി, സെയ്തലവി കുറുവാണി, സിജോ കറുകമാലി തുടങ്ങിയവര്‍ പരാതിയുമായി അധികൃതരെ സമീപിച്ചിട്ടുണ്ട്. 

Tags:    

Similar News