വിഴിഞ്ഞത്തെ വൃക്ക കച്ചവടം: വൃക്ക നല്‍കിയവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍; ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അറിവില്ലായ്മ കൊണ്ട് വൃക്ക നല്‍കിയവര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം എഴുനേറ്റ് നില്‍ക്കാനോ ജോലിക്ക് പോകാനോ കഴിയാത്ത അവസ്ഥയിലാണ്

Update: 2022-02-24 07:18 GMT

തിരുവനന്തപുരം: തീരദേശത്തെ സാമ്പത്തിക പരാധീനത മുതലെടുത്ത് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ വൃക്ക കച്ചവടം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വിഴിഞ്ഞം കോട്ടപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ പനിയടിമയാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

വിഴിഞ്ഞം തുറമുഖത്തിന്റെ അനന്തര ഫലങ്ങളും കൊവിഡ് മഹമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധികളും കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് തന്റെ വാര്‍ഡിലുള്ളതെന്നും മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് എന്നിവയ്ക്ക് വേണ്ടി വാങ്ങുന്ന കടങ്ങള്‍ തിരിച്ച് നല്‍കാന്‍ കഴിയാതെ വൃക്ക വിറ്റ് ജീവിക്കേണ്ട സഹചര്യമാണ് ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്നതെന്നും അദേഹം കത്തില്‍ പറയുന്നു. അടുത്തിടെ വന്ന വാര്‍ത്തകള്‍ ഇതിന്റെ വ്യാപ്തി വിളിച്ചോതുന്നുണ്ടെന്നും അദേഹം പറയുന്നു.

തന്നാല്‍ കഴിയുന്ന രീതിയില്‍ ജനങ്ങളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും അനധികൃത അവയവ കച്ചവടത്തിന് തയ്യാറായി മുന്നിട്ടിറങ്ങുന്നുണ്ട്. അറിവില്ലായ്മ കൊണ്ട് വൃക്ക നല്‍കിയവര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം എഴുനേറ്റ് നില്‍ക്കാനോ ജോലിക്ക് പോകാനോ കഴിയാത്ത അവസ്ഥയിലാണെന്നും കത്തില്‍ പറയുന്നു. അവയവ കച്ചവടത്തിലൂടെ പലര്‍ക്കും കമ്മീഷന്‍ തുക ലഭിച്ചെങ്കിലും ഉപജീവനം മുന്നോട്ട് കൊണ്ട് പോകാന്‍ വൃക്ക മാഫിയകളുടെ പ്രാദേശിക ഏജന്റുമാര്‍ ആകേണ്ട ഗതികേടിലാണെന്നും അദ്ദേഹം പറയുന്നു.

ഗുരുതരമായ സംഭവം വാര്‍ത്തയായിട്ടും ഇപ്പോഴും 'എല്ലാം തങ്ങള്‍ നോക്കാം' എന്നതരത്തില്‍, തീരദേശ ജനതയുടെ ദുരിതം മുതലെടുത്ത് പ്രധാന ഏജന്റുമാര്‍ തീരദേശത്ത് നിന്ന് ആളുകളെ ചൂഷണം ചെയ്യുന്നത് തുടരുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. ഇതിന് അറുതി വരുത്താന്‍ വിഷയത്തില്‍ അടിയന്തര ശ്രദ്ധ കൊണ്ട് വരണമെന്നും തീരദേശ ജനന്തയ്ക്ക് കൃത്യമായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും തീരദേശത്തെ സ്ത്രീകള്‍ക്ക് വിവിധ തൊഴില്‍ മേഖലകള്‍ തുടങ്ങുന്നതിന് സഹായം നല്‍കി, സര്‍ക്കാര്‍ കൈത്താങ്ങ് ആകണമെന്നും കൗണ്‍സിലര്‍ പനിയടിമ കത്തില്‍ ആവശ്യപ്പെട്ടു.

തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ പരസ്പരം പഴിചാരി പോലിസും ആരോഗ്യവകുപ്പും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ കേസെടുക്കേണ്ടത് പോലിസാണെന്ന് ആരോഗ്യവകുപ്പും അതല്ല ആരോഗ്യവകുപ്പിന്റെ തുടര്‍ നടപടിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലിസും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.

ബന്ധുക്കള്‍ അല്ലാത്തവര്‍ക്കാണ് വൃക്കകള്‍ നല്‍കിയിരിക്കുന്നതെന്നും ഇതില്‍ പണ ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്ന് ആരോഗ്യവകുപ്പിന്റെ വാദം. സിറ്റി പോലിസ് മേധാവിയുടെ റിപോര്‍ട്ട് അനുസരിച്ച് വൃക്ക ദാനം ചെയ്തവരില്‍ നിന്ന് ശേഖരിച്ച മൊഴികളില്‍ സ്വന്തം ഇഷ്ടപ്രകാരം പണം വാങ്ങാതെയാണ് വൃക്ക ദാനം ചെയ്തതെന്നാണ് പറയുന്നുണ്ടെങ്കിലും വാണിജ്യ ഇടപെടലുകള്‍ നടന്നതായും പണം വാങ്ങിയാണ് വ്യക്തികള്‍ വൃക്കകള്‍ നല്‍കിയതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍, അവയവദാന നിയമ പ്രകാരം വിഷയത്തില്‍ നടപടി എടുക്കാന്‍ കഴിയില്ലെന്നാണ് പോലിസ് പറയുന്നത്. ലഭിച്ച രണ്ട് പരാതികളിലും ഇതുവരെയായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനാല്‍ പോലിസിന് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. വൃക്ക വില്‍പ്പനയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 4ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇരു റിപോട്ടുകളിലും വാദം കേള്‍ക്കും.

Tags: