ഖിലാഫത്ത് സമരം: അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടമെന്ന് പി സുരേന്ദ്രന്‍

Update: 2021-01-23 06:32 GMT

തിരൂരങ്ങാടി: മലബാറിലെ പണിയാളരായ കര്‍ഷകരെ സമാനതകളില്ലാതെ പീഡിപ്പിച്ച ജന്മിമാര്‍ക്കും അവരെ പിന്തുണച്ച ബ്രിട്ടിഷ് ഭരണകൂടത്തിന്നുമെതിരേ നടന്ന പോരാട്ടമാണ് മലബാറിലെ ഖിലാഫത്ത് സമരവും വാരിയന്‍കുന്നത്തിന്റെ രക്തസാക്ഷിത്വവുമെന്ന് പ്രമുഖ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍. മലബാറിലെ ഖിലാഫത്ത് സമരത്തെ വര്‍ഗീയ ലഹളയായി എഴുതിയതും വ്യഖ്യാനിച്ചതും ബ്രട്ടീഷുകാരും അവരെ പിന്തുണക്കുന്ന ആര്‍.എസ്.എസും മാത്രമാണ്. ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയുടെ പേരില്‍ ബ്രിട്ടന്‍ മാപ്പ് പറഞ്ഞ മാതൃകയില്‍ മലബാറിലെ ബ്രിട്ടീഷ് ക്രൂരതയുടെ പേരിലും വാരിയന്‍കുന്നത്തിന്റെയും മലബാറിലെ സ്വതന്ത്ര്യസമര പോരാളികളുടെയും ജീവിച്ചിരിക്കുന്ന തലമുറയോട് മാപ്പ് ചോദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാരിയന്‍കുന്നത്ത് രക്തസാക്ഷിത്വത്തിന്റെയും മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വാരിയന്‍ കുന്നത്തിന്റെ കുടുംബ കൂട്ടായ്മ ചക്കിപറമ്പന്‍ ഫാമിലി അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ചെമ്മാട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല പ്രസിഡന്റ് സി.പി ഇബ്രാഹിം ഹാജി ആധ്യക്ഷത വഹിച്ചു. ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി, ഡോക്യുമെന്ററി നിര്‍മ്മാതാവ് അബ്ബാസ് കാളത്തോട്, വാരിയന്‍കുന്നത്തിന്റെ പുസ്തക രചയിതാവ് ജാഫര്‍ ഈരാറ്റുപേട്ട, ഖുബൈബ് വാഫി, സി.പി കുട്ടിമോന്‍, സി പി ചെറീത് ഹാജി, സി.പി കുഞ്ഞിമുഹമ്മദ് ,സി പി കുഞ്ഞിപ്പ, സി.പി മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

തിരൂരങ്ങാടി നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഇസ്മായിലിനെ ചടങ്ങില്‍ ആദരിച്ചു. സി പി അബദുല്‍ വഹാബ് സ്വാഗതവും സി.പി ഇബ്രാഹിം നന്ദിയും പറഞ്ഞു.

Tags: