ഖഷഗ്ജി വധം: സൗദി കിരീടാവകാശി എത്രയും വേഗം ശിക്ഷിക്കപ്പെടണമെന്ന് ഹാഥിസ് സെന്‍ഗിസ്

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശ പ്രകാരമാണ് ഖഷഗ്ജിയെ കൊലപ്പെടുത്തിയത് എന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയിരുന്നു

Update: 2021-03-01 14:26 GMT

ഇസ്താംബൂള്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകനും വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് കാലതാമസമില്ലാതെ ശിക്ഷ നല്‍കണമെന്ന് ഖഷഗ്ജിയുടെ വിധവ ഹാഥിസ് സെന്‍ഗിസ് ആവശ്യപ്പെട്ടു. ഖഷഗ്ജി വധത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.


2018 ലാണ് ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടത്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് സൗദി കൊലയാളി സംഘമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. 'കിരീടാവകാശിക്ക് ശിക്ഷ ലഭിച്ചില്ലെങ്കില്‍, പ്രധാന കുറ്റവാളി കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുക. അത് മാനവികതക്കു മേല്‍ ഒരു കറയായി അവശേഷിക്കപ്പെടുമെന്നും ഹാഥിസ് സെന്‍ഗിസ് പറഞ്ഞു.


മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശ പ്രകാരമാണ് ഖഷഗ്ജിയെ കൊലപ്പെടുത്തിയത് എന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയിരുന്നു. വിദേശത്തുള്ള വിമതരെ നിശബ്ദരാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഖഷഗ്ജി വധം. 2017 മുതല്‍, സൗദി കിരീടാവകാശിക്ക് രാജ്യത്തിന്റെ സുരക്ഷ, രഹസ്യാന്വേഷണ സംഘടനകളുടെ മേല്‍ സമ്പൂര്‍ണ നിയന്ത്രണം ഉണ്ട്. കിരീടാവകാശിയുടെ അംഗീകാരമില്ലാതെ സൗദി ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം നടത്തില്ലായിരുന്നു എന്നും യു എസ് റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.




Tags: