ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചു; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നവംബര്‍ ഒന്നുമുതല്‍ നില്‍പ് സമരത്തിലേക്ക്

ഈ പ്രതിഷേധവും സര്‍ക്കാര്‍ അവഗണിക്കുകയാണെകില്‍ നവംബര്‍ 16ന് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ കൂട്ട അവധി എടുത്തു പ്രതിഷേധത്തിലേക്ക് നീങ്ങും.

Update: 2021-10-30 06:22 GMT

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നവംബര്‍ ഒന്നുമുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നില്‍പ് സമരം നടത്തും. മാനവ വിഭവശേഷി കുറവായ ആരോഗ്യ വകുപ്പില്‍ വിശ്രമമില്ലാതെ അധിക ജോലി ചെയ്താണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൊവിഡിനോടൊപ്പം കോവിഡേതര ചികിത്സയും മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഭരണ നിര്‍വ്വഹണവും നടത്തുന്നത്.

ദിവസേന പതിനായിരത്തിനടുത്ത് പുതിയ കൊവിഡ് രോഗികള്‍ ഇന്നുമുള്ള നമ്മുടെ സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ സേവനം പൂര്‍ണമായും നിര്‍ത്തലാക്കി അവരെ പിരിച്ചു വിട്ടിരിക്കുകയാണ്. ഇത്തരത്തില്‍ അമിത ജോലിഭാരം പേറുന്ന ഡോക്ടര്‍മാര്‍ക്ക് ന്യായമായും ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ അവരുടെ ശമ്പളത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിച്ചു. ഇത് ആത്മാര്‍ത്ഥമായി ഈ മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണ്. എന്‍ട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്‌സണല്‍ പേ നിര്‍ത്തലാക്കിയതും, റേഷ്യോ പ്രമോഷന്‍ എടുത്തു കളഞ്ഞതും മൂന്നാം ഹയര്‍ഗ്രേഡ് അനുവദിക്കാത്തതും ഇതില്‍ ചിലതു മാത്രം.

കൊവിഡ് കാലത്തെ ഈ നീതി നിഷേധത്തിനെതിരേ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പരസ്യ പ്രതിഷേധത്തിന് നിര്‍ബന്ധിതമാവുകയാണ്.

ഇതിന്റെ ഭാഗമായി നവംബര്‍ 1 മുതല്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നില്‍പ്പ് സമരം ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം രാവിലെ പത്തു മണിക്ക് കെജിഎംഒഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് പ്രമീളദേവി നിര്‍വ്വഹിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ ഡിഎച്ച്എസ് ഓഫിസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ ഈ പ്രതിഷേധത്തിന്റെ ഭാഗമാകും.

ഈ പ്രതിഷേധവും സര്‍ക്കാര്‍ അവഗണിക്കുകയാണെകില്‍ നവംബര്‍ 16ന് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ കൂട്ട അവധി എടുത്തു പ്രതിഷേധത്തിലേക്ക് നീങ്ങും. കൊവിഡ്, നിപ്പ തുടങ്ങിയ മഹാമാരികള്‍ക്കെതിരെ സ്വന്തം ആരോഗ്യം പോലും തൃണവത്കരിച്ച് അതിന്റെ മുന്നണിയില്‍ നിന്ന് പൊരുതുന്ന ഡോക്ടര്‍മാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെജിഎംഒഎ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

Tags:    

Similar News