കേശവദാസപുരം മനോരമ കൊലപാതകം: പ്രതി ചെന്നൈയില്‍ പിടിയില്‍

ചെന്നൈ ആര്‍പിഎഫാണ് പ്രതിയെ പിടികൂടിയത്

Update: 2022-08-08 14:34 GMT

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ചെന്നൈയില്‍ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശി ആദം അലിയാണ് പിടിയിലായത്. ചെന്നൈ ആര്‍പിഎഫാണ് പിടികൂടിയത്. പ്രതിയെ നാളെ കേരള പോലിസ് കസ്റ്റഡിയില്‍ വാങ്ങും. ചെന്നൈ എക്പ്രസില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് ഇയാള്‍ തമ്പാനൂരില്‍ നിന്ന് രക്ഷപ്പെട്ടത്.

പ്രതി വീട്ടമ്മയെ കൈകാലുകള്‍ കെട്ടി കിണറ്റിലെറിയുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിരുന്നു. വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായിരിക്കുന്നത്. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകള്‍ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റില്‍ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങളാണ് പോലിസ് ശേഖരിച്ചിട്ടുള്ളത്. കൊലപാതകത്തിന് ശേഷം പ്രതി തമ്പാനൂര്‍ എത്തി. കേരളം വിട്ടെന്ന നിഗമനത്തിലായിരുന്നു പോലിസ്. ഇതേത്തുടര്‍ന്ന് പ്രതിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. 

ഒപ്പമുണ്ടായിരന്ന അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വച്ചാണ് അന്വേഷണം പുരോഗമിച്ചത്. രണ്ട് ദിവസം മുമ്പ് പബ് ജി ഗെയിമില്‍ പരാജയപ്പെട്ടപ്പോള്‍ ആദം അലി ഫോണ്‍ അടിച്ച് തകര്‍ത്തെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. സംഭവശേഷം ഉള്ളൂരിലെ കടയിലെത്തിയ ഇയാള്‍ സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു. സിം എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുന്‍പ് ആദംഅലി സ്ഥലം വിട്ടെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ദേഷ്യം വന്നപ്പോള്‍ മനോരമയെ കൊന്നെന്നും നാടുവിടുകയാണെന്നും ആദം അലി പറഞ്ഞെന്നും കസ്റ്റഡിയിലുള്ളവര്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്കും പോലിസ് അന്വേഷിക്കുന്നുണ്ട്.

അതിനിടെ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മനോരമയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

Tags:    

Similar News