കൊച്ചി: ഒരു മണിക്കൂര്‍ 40 എച്ച്പിയുള്ള വള്ളത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കണമെങ്കില്‍ 20 ലിറ്റര്‍ മണ്ണെണ്ണ ആവശ്യമാണ്. അഞ്ചു മണിക്കൂര്‍ പ്രവര്‍ത്തിക്കാനായി 100 ലിറ്ററും മൂന്നു എന്‍ജിന്‍ വള്ളമാണെങ്കില്‍ ഒരുദിവസം 300 ലിറ്റര്‍ മണ്ണെണ്ണയും ആവശ്യമാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഒരു മാസത്തേക്ക് വലിയൊരു തുക ഇന്ധനത്തിനു മാത്രം ചെലവാകും. എന്നാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഒരുമാസത്തേക്ക് സബ്‌സിഡിയായി കിട്ടുന്നത് 129 ലിറ്റര്‍ മണ്ണെണ്ണയാണ്. മണ്ണെണ്ണയുടെ വിലയും ഇപ്പോള്‍ കൂട്ടിയിരിക്കുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് മണ്ണെണ്ണവിലയിലെ വര്‍ധനവ് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്.
മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് 103 രൂപയില്‍നിന്ന് 52.37 രൂപ വര്‍ധിപ്പിച്ച് 155.37 ആക്കിയിരിക്കുകയാണ്. നിലവില്‍ മല്‍സ്യഫെഡിന്റെ കൈവശമുള്ള സ്‌റ്റോക്ക് തീരുന്നതുവരെ പഴയ നിരക്കില്‍ നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇത് കുറച്ച് ദിവസം മാത്രമേ ഉണ്ടാകൂവെന്ന് കേരള മല്‍സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ) സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.
ഒരു മാസത്തേക്ക് നല്‍കുന്ന സബ്‌സിഡി മണ്ണെണ്ണ ഒരു ദിവസത്തേക്ക് മാത്രമേ തികയൂ എന്നതിനാല്‍ ബാക്കി ദിവസങ്ങളിലെല്ലാം ഉയര്‍ന്ന വില നല്‍കി കരിഞ്ചന്തക്ക് വാങ്ങേണ്ട സാഹചര്യമാണ്. സബ്‌സിഡി നിരക്കിനേക്കാള്‍ 50 രൂപയിലേറെ നല്‍കിയാണ് കരിഞ്ചന്തക്ക് തൊഴിലാളികള്‍ മണ്ണെണ്ണ വാങ്ങുന്നത്. സബ്‌സിഡി നിരക്ക് 155ലെത്തുന്നതോടെ, പുറത്തുനിന്ന് വാങ്ങുമ്പോള്‍ 200നു മുകളില്‍ നല്‍കണം. ഇത് മല്‍സ്യത്തൊഴിലാളികള്‍ക്ക് താങ്ങാനാവാത്ത നിരക്കാണ്. 50 തൊഴിലാളികള്‍ വരെ പ്രവര്‍ത്തിക്കുന്ന ഇന്‍ബോര്‍ഡ് വള്ളത്തിന് ദിവസം ശരാശരി 40,000 രൂപയുടെ ചെലവ് വരുമെന്ന് ചാള്‍സ് ജോര്‍ജ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തെ മല്‍സ്യബന്ധന മേഖലക്കുള്ള മണ്ണെണ്ണ ക്വാട്ട വര്‍ധിപ്പിക്കുകയും പൂര്‍ണമായും സബ്‌സിഡി നിരക്കില്‍ നല്‍കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
