ഭൂരഹിതര്‍ക്കുള്ള കേരള മോഡല്‍ ബഹുനില ഫ്‌ലാറ്റ്‌ പദ്ധതി കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Update: 2020-03-19 12:04 GMT

ന്യൂഡല്‍ഹി: ഭൂരഹിതരായവര്‍ക്കുള്ള കേരള മോഡല്‍ ഭവന നിര്‍മ്മാണ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി ലോക്‌സഭയില്‍ പറഞ്ഞു. ഭൂരഹിതരായ സാധാരണക്കാര്‍ക്ക് ബഹുനില ഫ്‌ലാറ്റ്‌ സമുച്ചയം നിര്‍മ്മിച്ചു നല്‍കുന്ന കേരള മാതൃകയില്‍ ഭവന നിര്‍മ്മാണ പദ്ധതി ആരംഭിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം കേരളത്തില്‍ കുറവാണെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന് മതിയായ സഹായം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസഹായം ഉപയോഗിച്ച് കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ തനത് പദ്ധതികള്‍ ആരംഭിക്കുന്നതില്‍ വിയോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. 

Tags: