മഴക്കെടുതി; സർക്കാർ നടപടികള്‍ വേഗത്തിലാക്കണം: എസ്ഡിപിഐ

Update: 2019-08-16 05:27 GMT

കണ്ണൂര്‍: മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തരസഹായം എത്രയും പെട്ടെന്ന് നൽകണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍ ആവശ്യപ്പെട്ടു. പ്രളയ ബാധിത പ്രദേശങ്ങളും വീടുകളും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നടപടികള്‍ ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്. നടപടിക്രമങ്ങളിലെ ചുവപ്പ്‌നാട സത്വരനടപടികള്‍ക്ക് തടസ്സമാവുകയാണ്. നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് പോലും പല സ്ഥലങ്ങളിലും ആരംഭിച്ചിട്ടില്ല. പ്രളയ ബാധിതര്‍ക്ക് അടിയന്തര സഹായമായി 10000 രൂപ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഉടന്‍ നടപ്പിലാക്കണം. കഴിഞ്ഞ പ്രളയ കാലത്തെ പുനരധിവാസ പദ്ധതികള്‍ വേണ്ടത്ര കൃത്യതയോടെ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കെ ഇത്തവണയെങ്കിലും സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് നേതാക്കളായ ഉമര്‍ മാസ്റ്റര്‍, ഇബ്രാഹിം കൂത്തുപറമ്പ്, സിഎം നസീര്‍, സജീര്‍ കീച്ചേരി, സത്താര്‍ ഉളിയില്‍, റഫീഖ് കീച്ചേരി, പിഎം അഷ്‌റഫ്, കെസി കാദര്‍ കുട്ടി എന്നിവരും കൂടെയുണ്ടായിരുന്നു.


Similar News