എന്യുമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണം; എസ്ഐആറില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

25 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ചീഫ് സെക്രട്ടറി കത്തില്‍ അറിയിച്ചു

Update: 2025-12-22 16:40 GMT

തിരുവനന്തപുരം: എസ്‌ഐആറില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. നടപടിക്രമങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കണമെന്നും എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയച്ചത്. എന്യുമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണം, 25 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്നും 2025ലെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഫോം ലഭിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി കത്തില്‍ അറിയിച്ചു. വിതരണം ചെയ്യാത്ത ഫോമുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മാപ്പിങ് പ്രക്രിയ പൂര്‍ണമായിട്ടില്ലെന്നും കത്തില്‍ പറയുന്നു.

ചില ബൂത്തുകളില്‍ വിവരം ശേഖരിക്കാന്‍ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം അസാധാരണമായി ഉയര്‍ന്നു. ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ പലര്‍ക്കും വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കത്തില്‍ പറയുന്നു. പല കാരണങ്ങളാലാണ് ഇവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. തിരുവല്ല എംഎല്‍എ മാത്യു ടി തോമസ്, മുന്‍ എംഎല്‍എ രാജാജി മാത്യു, മുന്‍ ഡിജിപി രമണ്‍ ശ്രീവത്സവ തുടങ്ങിയവരടക്കം പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കാനുള്ള സമയം ഡിസംബര്‍ 18ന് അവസാനിച്ചതോടെ സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍, താമസം മാറിയവര്‍ എന്നീ വിഭാഗങ്ങളിലായി ഏകദേശം 25 ലക്ഷത്തോളം വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്. 2025ലെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ (എസ്എസ്ആര്‍)പ്രകാരം കേരളത്തില്‍ 2.78 കോടി വോട്ടര്‍മാരുണ്ടെങ്കിലും, ഇവര്‍ക്കെല്ലാവര്‍ക്കും ഫോമുകള്‍ വിതരണം ചെയ്തിട്ടില്ല എന്നത് വലിയ വീഴ്ചയായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ബിഎല്‍ഒമാര്‍ വഴി എല്ലാ വോട്ടര്‍മാര്‍ക്കും ഫോമുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, വിതരണം ചെയ്യാന്‍ കഴിയാത്ത ഫോമുകളുടെ വിശദാംശങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിക്കുകയോ രാഷ്ട്രീയ കക്ഷികള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ കക്ഷികള്‍ക്കും ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്കും വിവരങ്ങള്‍ പരിശോധിച്ച് കൃത്യമായ തിരുത്തലുകള്‍ വരുത്തുന്നതിനായി, ഈ പട്ടിക, ബൂത്ത് അടിസ്ഥാനത്തിലും നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലും അടിയന്തരമായി പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്ന് കത്തില്‍ പറയുന്നു. ഡിസംബര്‍ 19വരെയായിരുന്നു എന്യൂമറേഷന്‍ ഫോമുകളുടെ അപ്ഡേഷനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിരുന്നത്. രണ്ടാഴ്ചയെങ്കിലും സമയപരിധി നീട്ടണമെന്നാണ് കത്തിലെ ആവശ്യം.

Tags: