കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം

സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി

Update: 2026-02-17 08:50 GMT

കൊച്ചി: കോടതിയലക്ഷ്യ ഹരജിയില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി. സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ തുടര്‍നടപടി എടുക്കാത്തതിലാണ് കോടതിയലക്ഷ്യ ഹരജി. മാര്‍ച്ച് 13ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുന:പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റിനോട് കോടതി നിര്‍ദേശിച്ചിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനം പുന:പരിശോധിച്ചെങ്കിലും വിസി തീരുമാനം അംഗീകരിച്ചില്ല. ഇതിനു പിന്നാലെയാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് മുന്‍ രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വി സി മോഹനന്‍ കുന്നുമ്മലിനെതിരേ കോടതിയലക്ഷ്യം പ്രഥമ ദൃഷ്ടിയാല്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Tags: