ഡല്‍ഹി സര്‍വകലാശാലയുടെ ഓണേഴ്‌സ് ഡിഗ്രി അടിസ്ഥാന യോഗ്യതയല്ലെന്ന് കേരള സര്‍വകലാശാല; ബി.എഡ് വിദ്യാര്‍ത്ഥിക്ക് നഷ്ടമായത് ഒരു വര്‍ഷം

Update: 2021-08-29 10:07 GMT

മലപ്പുറം: ഡല്‍ഹി സര്‍വകലാശാല ബിഎസ്‌സി സുവോളജി(ഓണേഴ്‌സ്) കേരള സര്‍വകലാശാല അടിസ്ഥാന യോഗ്യതയായി അംഗീകരിക്കാത്തതുകൊണ്ട് ബിഎഡ് വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷം നഷ്ടമായി. മലപ്പുറം നിലമ്പൂരിലുള്ള സ്വലാഹ് കെ പിക്കാണ് സര്‍വകലാശാലയുടെ വിചിത്രമായ നിയമം മൂലം ഒരു വര്‍ഷം നഷ്ടമായത്. ആഗസ്ത് 9 മുതല്‍ 18 വരെ നടന്ന പരീക്ഷയെഴുതാനും വിദ്യാര്‍ത്ഥിയെ അനുവദിച്ചില്ല.

നെയ്യാറ്റിന്‍കര ഓലത്താണി വിക്റ്ററി കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ നാച്യുറല്‍ സയന്‍സ് വിദ്യാര്‍ത്ഥിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇത്തരമൊരു നിയമമുണ്ടെന്നത് ശ്രദ്ധയില്‍പ്പെടുത്താതെ വിദ്യാര്‍ത്ഥിക്ക് മെറിറ്റില്‍ പ്രവേശനം നല്‍കിയതും സര്‍വകലാശാല നേരിട്ടാണ്. 

ഡല്‍ഹി സര്‍വകലാശാലയിലെ രാം ജാസ് കോളജില്‍ നിന്നാണ് സ്വലാഹ് 2017-20 വര്‍ഷത്തില്‍ ബി.എസ്‌സി സുവോളജി (ഓണേഴ്‌സ്)  പാസ്സായത്. കഴിഞ്ഞ വര്‍ഷം കേരള സര്‍വകലാശാല ബി.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ സ്വലാഹും അപേക്ഷിച്ചു. സര്‍വകലാശാല തയ്യാറാക്കി മെറിറ്റ് പട്ടിക വഴി നെയ്യാറ്റിന്‍കര വിക്റ്ററി ബി.എഡ് കോളജില്‍ പ്രവേശനവും നേടി.

പഠനം ഒരു വര്‍ഷം പൂര്‍ത്തിയായ ശേഷം പരീക്ഷയായപ്പോള്‍ സ്വലാഹിനോട് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. സുവോളജിക്ക് ബോട്ടണി ഉപവിഷയമായി പഠിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു വിളിപ്പിച്ചത്. സ്വലാഹ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍വകലാശാല അധികൃതരെ കാര്യം ബോധ്യപ്പെടുത്തി. പരീക്ഷാഫീസ് അടക്കാന്‍ സര്‍വകാശാല അനുമതി നല്‍കി. ഫീസ് അടക്കുകുകയും ചെയ്തു.

എന്നാല്‍ പരീക്ഷയുടെ ഏതാനും ദിവസം മുമ്പ് സ്വാലിഹിന് പരീക്ഷക്കിരിക്കാനാവില്ലെന്ന് സര്‍വകലാശാല അറിയിച്ചു. ഡിഗ്രി ഓണേഴ്‌സിന് സ്വാലിഹ് നാല് സെമസ്റ്റര്‍ ബോട്ടണി പഠിക്കാത്തതുകൊണ്ടാണ് അവസരം നിഷേധിച്ചത്. ഡല്‍ഹി സര്‍വകലാശാലയുടെ ഡിഗ്രി ഓണേഴ്‌സ് കോഴ്‌സില്‍ നാല് സെമസ്റ്റര്‍ ഉപവിഷയങ്ങള്‍ പഠിക്കുന്ന രീതിയില്ല. അവിടെ പ്രധാന വിഷയത്തിലാണ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ കേരളത്തില്‍ സ്ഥിതി അതല്ല. ഈ സാഹചര്യത്തിലാണ് സ്വലാഹിനെ പരീക്ഷക്കിരിക്കാന്‍ സര്‍വകലാശാല അനുവദിക്കാതിരുന്നത്. സര്‍വകലാശാല അടിച്ചിറക്കിയ പ്രോസ്‌പെക്റ്റസില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുമില്ല. ഉപവിഷയമായി ബോട്ടണി പഠിക്കണമെന്നു മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. നിയമമുണ്ടെങ്കില്‍ തന്നെ പ്രവേശനം നല്‍കി മാസങ്ങള്‍ക്കുശേഷം കൈമലര്‍ത്തുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് സ്വലാഹ് പറയുന്നു.

ഡല്‍ഹി സര്‍വകലാശാല ഇന്ത്യയിലെത്തന്നെ പ്രധാനപ്പെട്ട സര്‍വകലാശാലയാണ്. ആ സര്‍വകലാശാലയുടെ ഒരു കോഴ്‌സിന് അനുമതി നല്‍കാതിരിക്കുന്നതും അതിനെ അടിസ്ഥാന യോഗ്യതയായി പരിഗണിക്കാതിരിക്കുന്നതും നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് സ്വലാഹ് പറയുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുന്ന കേരളീയ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഇത് വലിയ പ്രതിസന്ധിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കുക. സ്വലാഹിന്റെ കാര്യത്തിലാകട്ടെ നിയമം നേരത്തെക്കൂട്ടി പറയാതിരുന്നതും പ്രോസ്പക്റ്റസില്‍ സൂചിപ്പിക്കാതിരുന്നതും തെറ്റാണ്. തന്നെ പരീക്ഷക്കിരിക്കാന്‍ അനുവദിക്കണമെന്നാണ് സ്വലാഹിന്റെ ആവശ്യം.

പഠനം തുടരാനും പരീക്ഷക്കിരിക്കാനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സ്്‌ലര്‍ അടക്കമുള്ള സര്‍വകലാശാല അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും സ്വലാഹ് പരാതി അയച്ചിട്ടുണ്ട്. വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.

Tags:    

Similar News