'കേരള സ്റ്റോറി' രണ്ടാം ഭാഗം: 'കേരളത്തെ അവഹേളിക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള നീക്കം'; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2026-02-21 08:29 GMT

തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കാനും വിദ്വേഷം പടര്‍ത്താനും ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് 'കേരള സ്റ്റോറി' രണ്ടാം ഭാഗമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നുണപ്രചാരണങ്ങള്‍ക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം. ഒന്നാം ഭാഗത്തില്‍ ഉന്നയിച്ച പച്ചക്കള്ളങ്ങള്‍ പൊളിഞ്ഞടുക്കിയിട്ടും, വീണ്ടും സമാനമായ വിദ്വേഷ വിത്തുകള്‍ പാകാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ബോധമുള്ള കേരളീയരോടുള്ള വെല്ലുവിളിയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ച് കേരളത്തിലെ സ്ത്രീകളേയും ഒരു പ്രത്യേക സമൂഹത്തേയും സംശയനിഴലിലാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും രാഷ്ട്രീയ അജണ്ടകളും ലക്ഷ്യമിട്ട് സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാനാണ് ഇത്തരം സിനിമകള്‍ ഉപയോഗിക്കപ്പെടുന്നത്. കേരളത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തേയും സമാധാന അന്തരീക്ഷത്തേയും തകര്‍ക്കാനുള്ള ആസൂത്രിത ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. സത്യസന്ധമായ കഥ എന്ന വ്യാജേന വിദ്വേഷം വില്‍ക്കുന്ന ഇത്തരം സൃഷ്ടികളെ ജനങ്ങള്‍ അവഗണിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ ഒരു നാടിനെയാകെ അപമാനിക്കാനുള്ള ശ്രമത്തിനെതിരേ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും എം ഐ ഇര്‍ഷാന അഭ്യര്‍ഥിച്ചു.

Tags: