സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

Update: 2020-10-13 01:44 GMT

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12.30 നാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. മികച്ച ചിത്രം, നടന്‍, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നത്. 50ാമത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനമാണ് ഇത്. 119 സിനിമകളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ് പുരസ്‌കാര നിര്‍ണയ ജൂറിക്ക് മുന്‍പാകെ ചലച്ചിത്രങ്ങളുടെ സ്‌ക്രീനിങ്ങ് നടന്നത്.

ലിജോ ജോസിന്റെ ജെല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, സജിന്‍ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കൂമാര്‍ സംവിധാനം ചെയ്ത കോളാമ്പി, മനോജ് കാന ഒരുക്കിയ കെഞ്ചിര, മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, പിആര്‍ അരുണിന്റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്റെ ഉണ്ട, പ്രിയദര്‍ശന്റെ മരക്കാര്‍ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങള്‍ക്കായുള്ള മത്സരത്തില്‍ മുന്നിലുളളത്.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, ചിത്രസംയോജകനായ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, ഗായിക ലതിക, അഭിനേത്രി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സിഅജോയ് (മെംബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്.