സംസ്ഥാന സെക്രട്ടേറിയറ്റ് സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ സുരക്ഷാവലയത്തിലേക്ക്

Update: 2020-11-02 05:40 GMT

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ(എസ്‌ഐഎസ്എഫ്) സുരക്ഷാവലയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. നവംബര്‍ ഒന്നു മുതലാണ് തീരുമാനം നടപ്പാവുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെയും വകുപ്പ് തലവന്മാരുടെയും ഓഫിസുകള്‍ സെക്രട്ടേറിയറ്റിലും അതിന്റെ രണ്ട് അനക്‌സുകളിലുമാണ് ഉള്ളത്.

സുരക്ഷയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ചെയര്‍മാനും പൊതുഭരണം, ധനകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാരും, ഡിജിപി, തിരുവനന്തപരും എസ് പി, എസ്‌ഐഎസ്എഫ് കമാന്‍ഡന്റ് തുടങ്ങിയവര്‍ അംഗങ്ങളുമായി ഒരു സെക്രട്ടേറിയറ്റ് സുരക്ഷാ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

സെക്രട്ടറേറിയറ്റിന്റെ മുഴുവന്‍ സുരക്ഷയും ഇനി മുതല്‍ എസ്‌ഐഎസ്എഫിനായിരിക്കും. നിലവിലുള്ള 102 സെക്രട്ടേറിയറ്റ് സെക്യൂരിറ്റി തസ്തകകളും എസ്‌ഐഎസ്എഫ് കമാന്റഡിന്റെ കീഴിലേക്ക് മാറ്റും.

സെക്രട്ടേറിയറ്റിലേക്ക് കടത്തിവിടുന്ന വാഹനങ്ങള്‍ ഇനിമുതല്‍ കനത്ത സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. സെക്രട്ടേറിയറ്റിലെ ഒരു ഗെയ്റ്റ് വിഐപി ഗേറ്റായി നിശ്ചയിച്ചു. അതുവഴി സെക്രട്ടേറിയറ്റ് ജീവനക്കാരെയോ പൊതുജനങ്ങളെയോ കടത്തിവിടുകയില്ല. പൊതുജനങ്ങളുടെ സന്ദര്‍ശനം കൃത്യമായ സുക്ഷാ സംവിധാനത്തിന്‍ കീഴിലാക്കാനും നിശ്ചയിച്ചു.

സെക്രട്ടേറിയറ്റിന്റെ സുരക്ഷ സുപ്രധാനമാണെന്നും അത് പഴുതുകളില്ലാതെ നടപ്പാക്കേണ്ടതുണ്ടെന്നും ഏത് പ്രശ്‌നവും കൃത്യമായി കൈകാര്യം ചെയ്യുന്നത് പ്രധാനമാണെന്നും ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് സുരക്ഷാ സംവിധാനം മാറ്റിനിശ്ചയിച്ചത്.

Tags: