'കേരള സവാരി'യില്‍ യാത്ര തുടങ്ങാം ചിങ്ങം ഒന്നിന്; ആദ്യഘട്ടം 500 വാഹനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസ് 'കേരള സവാരി' ചിങ്ങം ഒന്നിന് (ആഗസ്ത് 17) യാഥാര്‍ഥ്യമാവും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കേരള സവാരിയുടെ ഭാഗമായി 500 ഓട്ടോറിക്ഷകള്‍ ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങും. തിരക്കുള്ള സമയങ്ങളിലും നിശ്ചിത നിരക്കില്‍ യാത്ര ചെയ്യാനാവുമെന്നതാണ് പ്രത്യേകത, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാനിക് ബട്ടണ്‍ സംവിധാനവും വാഹനങ്ങളിലുണ്ടാവും.
കേരള സവാരിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഓട്ടോ ടാക്‌സി നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ് മാത്രമാണ് ഈടാക്കുക. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളില്‍ അത് 25 ശതമാനത്തിലും മുകളിലാണ്. സര്‍വീസ് ചാര്‍ജായി ഈടാക്കുന്ന എട്ടുശതമാനം തുക പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്‌സ് നല്‍കുന്നതിനും മറ്റുമായി ഉപയോഗപ്പെടുത്തും. നിലവിലെ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളിലെല്ലാം മോട്ടോര്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന നിരക്കും തമ്മില്‍ 20 മുതല്‍ 30 ശതമാനം വരെ വ്യത്യാസമുണ്ട്.
തിരക്കുള്ള സമയങ്ങളില്‍ കമ്പനികള്‍ സര്‍വീസുകള്‍ക്ക് ഒന്നര ഇരട്ടിവരെ ചാര്‍ജ് വര്‍ധിപ്പിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. കേരളസവാരിയില്‍ അത്തരം നിരക്ക് വര്‍ധനവ് ഉണ്ടാവില്ലെന്നും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടുന്ന ന്യായമായ കൂലി അവര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കൃത്യമായ കാരണങ്ങളോടെ യാത്രക്കാരനും െ്രെഡവര്‍ക്കും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യാം. അകാരണമായുള്ള ക്യാന്‍സലേഷന് ചെറിയ തുക ഫൈന്‍ നല്‍കേണ്ടിവരും. യാത്രക്കാരുടെ സുരക്ഷയ്ക്ക് കേരളസവാരിയില്‍ ഏറെ കരുതലാണ് നല്‍കിയിട്ടുള്ളത്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഒരു പദ്ധതിയാണിത്. ഡ്രൈവര്‍മാരുടെ രജിസ്‌ട്രേഷന്‍ മുതല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുള്ള ഡ്രൈവര്‍മാര്‍ക്ക് മാത്രമേ പദ്ധതിയില്‍ അംഗമാകാനാവൂ. കേരളസവാരി ആപ്പില്‍ പാനിക് ബട്ടണ്‍ സംവിധാനമുണ്ട്. അപകടസാഹചര്യങ്ങളില്‍ ഈ ബട്ടണ്‍ അമര്‍ത്താം. തീര്‍ത്തും സ്വകാര്യമായി ഒരാള്‍ക്ക് അത് ചെയ്യാനാവും. ഡ്രൈവര്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ യാത്രക്കാരനോ യാത്രക്കാരന്‍ അത് ചെയ്താല്‍ െ്രെഡവര്‍ക്കോ ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ബട്ടണ്‍ അമര്‍ത്തിയാല്‍ പോലിസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹന വകുപ്പ് എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ബട്ടണ്‍ അമര്‍ത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നേരിട്ട് വിവരമെത്തും. സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി വാഹനങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ജീ പി എസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട് ഇത് ഘട്ടം ഘട്ടമായി നടപ്പാക്കും.
പദ്ധതിയില്‍ അംഗങ്ങളാവുന്ന മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഓയില്‍, വാഹന ഇന്‍ഷുറന്‍സ്, ടയര്‍, ബാറ്ററി എന്നിവയ്ക്ക് ബന്ധപ്പെട്ട ഏജന്‍സി വഴി ഡിസ്‌കൗണ്ട് ലഭ്യമാക്കും. രണ്ടാംഘട്ടത്തില്‍ യാത്രക്കാര്‍ക്കും െ്രെഡവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ്, ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് എന്നിവ ഏര്‍പ്പെടുത്തും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ടുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ടൂറിസ്റ്റ് ഗൈഡുകളെപോലെ പ്രവര്‍ത്തിക്കാവുന്നതരത്തില്‍ െ്രെഡവര്‍മാര്‍ക്ക് പരിശീലനം നല്‍കും. വാഹനങ്ങളില്‍ പരസ്യങ്ങള്‍ ചെയ്യുന്ന കാര്യവും പരിഗണനയിലാണ്. ഇതിനാവശ്യമായ ഡിവൈസുകള്‍ തൊഴില്‍ വകുപ്പ് നല്‍കും.
പദ്ധതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും തൊഴിലാളികള്‍ക്കും ബാക്കി യാത്രക്കാര്‍ക്ക് പ്രമോഷനല്‍ ഓഫറുകള്‍ നല്‍കാനും ഉപയോഗിക്കും. എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ കേരള സവാരിക്കായി പ്രത്യേക പാര്‍ക്കിങ് സംവിധാനമൊരുക്കും. വാഹനങ്ങള്‍ തിരിച്ചറിയാന്‍ കേരള സവാരി സ്റ്റിക്കറുകള്‍ പതിപ്പിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ വനിതാ െ്രെഡവര്‍മാരടക്കം 500 ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ പദ്ധതിയില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് വിവിധ വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയതായും മന്ത്രി അറിയിച്ചു.
പ്ലാനിങ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐടി, പോലിസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. അംഗീകൃത നിരക്കില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാനാകുമെന്നാണ് കേരള സവാരിയുടെ പ്രത്യേകതയെന്ന് മന്ത്രി പറഞ്ഞു.
വന്‍കിട കമ്പനികള്‍ക്ക് മാത്രം സാധ്യമായ മേഖലയെന്ന് കരുതപ്പെടുന്ന ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് മേഖലയിലേക്ക് പ്രവേശിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തൊഴില്‍രംഗത്തെ വിപ്ലവകരമായ ഇടപെടലാണ്. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തിലേക്ക് കടക്കുന്നത്. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം പഠനവിധേയമാക്കി ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സവാരിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.

