കേരളത്തിലെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഡച്ച് സാങ്കേതികസഹായം ലഭ്യമാക്കും: വേണു രാജാമണി

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സിലെ കെപിഎസ് മേനോന്‍ ചെയര്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ഇന്ത്യനെതര്‍ലന്‍ഡ് ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ നയതന്ത്രപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Update: 2019-01-07 12:23 GMT

കോട്ടയം: കേരളത്തിലെ പ്രളയദുരന്തത്തിന്റെ ഭാഗമായുള്ള പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഡച്ച് സാങ്കേതികവിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്ന് നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണി. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സിലെ കെപിഎസ് മേനോന്‍ ചെയര്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ഇന്ത്യനെതര്‍ലന്‍ഡ് ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ നയതന്ത്രപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രളയത്തെത്തുടര്‍ന്ന് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നെതര്‍ലന്‍ഡില്‍നിന്നുള്ള വിദഗ്ധര്‍ കേരളത്തിലെത്തിയിരുന്നു. ഇന്ത്യയും നെതര്‍ലന്‍ഡുമായുള്ള രാഷ്ട്രീയസാമ്പത്തികവിദ്യാഭ്യാസ ബന്ധങ്ങള്‍ മെച്ചപ്പെട്ട നിലയിലാണുള്ളത്.

നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍, മാലിന്യസംസ്‌കരണം, ഭക്ഷ്യ സംസ്‌കരണം, നഗരാസൂത്രണം, മാലിന്യത്തില്‍നിന്നുള്ള ഊര്‍ജോല്‍പാദനം, നദീശുചീകരണം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, സാനിറ്റേഷന്‍ എന്നീ മേഖലകളില്‍ നെതര്‍ലന്‍ഡുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ ഇന്ത്യയില്‍ പുരോഗമിക്കുന്നു. ജല മാനേജ്‌മെന്റിലും ജലവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിലും മികച്ച സാങ്കേതിക സഹായമാണ് നെതര്‍ലന്‍ഡ് ലോകത്തിന് നല്‍കുന്നത്. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ മൂന്നാം സ്ഥാനത്താണ് നെതര്‍ലന്‍ഡ്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലം മുതല്‍ ഇന്ത്യയുമായും കേരളവുമായും നെതര്‍ലന്‍ഡിന് വലിയ ബന്ധങ്ങളാണുള്ളത്. നെതര്‍ലന്‍ഡിന്റെ ഇരുനൂറോളം കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രത്തോളം ഇന്ത്യന്‍ കമ്പനികള്‍ നെതര്‍ലന്‍ഡിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.