കേരള പോലിസ് രൂപീകരണദിനാഘോഷം; 15 സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Update: 2020-10-31 19:07 GMT

തിരുവനന്തപുരം: കേരള പോലിസിന്റെ രൂപീകരണദിനാഘോഷത്തോടനുബന്ധിച്ചുളള വിവിധ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം പോലിസ് ആസ്ഥാനത്ത് രണ്ട് പ്ലാറ്റൂണ്‍ സേനാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനില്‍ അഭിവാദ്യം അര്‍പ്പിക്കും. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിലും ബറ്റാലിയനുകളിലും സ്‌പെഷ്യല്‍ യൂണിറ്റുകളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ സിറ്റികളിലൊഴികെ ബാക്കി 15 പോലീസ് ജില്ലകളില്‍ പുതിയ സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനുകള്‍ ഞായറാഴ്ച നിലവില്‍ വരും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് സിറ്റികളില്‍ നേരത്തെതന്നെ സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനുകള്‍ നിലവിലുണ്ട്. ഇതോടെ സംസ്ഥാനത്തെ 19 പോലിസ് ജില്ലകളിലും സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ നിലവില്‍ വരുകയാണ്. തൃശൂര്‍ റൂറല്‍ ജില്ലയിലെ മലക്കപ്പാറ പോലീസ് സ്റ്റേഷനു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോലസിനായി രൂപകല്‍പന ചെയ്ത വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

2019, 2020 വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച പോലിസ് മെഡലുകളുടെ വിതരണം മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍വഹിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2019 ലേയും 2020 ലേയും മികച്ച കുറ്റാന്വേഷണത്തിനുളള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. കേരള പോലിസിലെ 15 ഉദ്യോഗസ്ഥര്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 2018, 2019 വര്‍ഷങ്ങളിലെ ആസാധാരണ്‍ ആസൂചനാ കുശലത പതക്കിന്റെ വിതരണവും സംസ്ഥാന പോലീസ് മേധാവി നിര്‍വഹിക്കും.

മുഖ്യമന്ത്രിയുടെ 2020 ലെ പോലിസ് മെഡല്‍ അതത് യൂണിറ്റുകളില്‍ ജില്ലാ പോലിസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും വിതരണം ചെയ്യും. ഏതാനും പേര്‍ക്ക് പോലിസ് ആസ്ഥാനത്തുതന്നെ മെഡലുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഡി.ജി.പി യുടെ കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. പരിപാടിയുടെ തല്‍സമയ സംപ്രേഷണം സ്റ്റേറ്റ് പോലിസ് മീഡിയ സെന്ററിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ രാവിലെ 8.45 മുതല്‍ ലഭിക്കും.