കേരളാ ഒളിംപിക് ഗെയിംസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണം; സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍
10000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ നല്‍കണമെന്ന് ഉത്തരവ്
തിരുവനന്തപുരം: ഒളിംപിക് അസോസിയേഷന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന കേരള ഒളിമ്പിക് ഗെയിംസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്നാണ് ഉത്തരവ്. 10000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ നല്‍കണമെന്ന് ഉത്തരവ്.
തിരുവനന്തപുരം കോര്‍പറേഷനോട് അഞ്ച് ലക്ഷം രൂപ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് കോര്‍പറേഷനുകളും മൂന്ന് ലക്ഷം രൂപ നല്‍കണം. ഒരു അസോസിയേഷനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് വിലയിരുത്തല്‍. ബ്ലോക്-ഗ്രമപഞ്ചായത്തുകള്‍ 10000 രൂപവരെ നല്‍കണമെന്നും ഉത്തരവിലുണ്ട്.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സമാന്തരമായാണ് ഒളിംപിക് അസോസിയേഷന്‍ കായിക മേള സംഘടിപ്പിക്കുന്നത്. ബാര്‍ ഹോട്ടല്‍ സംഘടനാ നേതാവാണ് ഒളിംപിക് അസോസിയേഷന്റെയും പ്രസിഡന്റ്. ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നല്‍കിയ അപേക്ഷയിലാണ് തദ്ദേശ എക്‌സൈസ് മന്ത്രിയുടെ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് നിര്‍ബന്ധിത പിരിവിനുള്ള സര്‍ക്കാര്‍ ഉത്തരവ്.