കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്: അംഗത്വ കാംപയിന് തുടക്കം

Update: 2022-12-15 01:19 GMT

കോഴിക്കോട്: കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി അംഗത്വ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനവും വിവിധ ധനസഹായങ്ങളുടെ വിതരണവും എളമരം കരീം എംപി നിര്‍വഹിച്ചു. ബോര്‍ഡില്‍ അംഗത്വം വര്‍ധിപ്പിക്കുന്നതിന് മദ്രസ്സ മാനേജ്‌മെന്റ് ഇടപെടലുകള്‍ നടത്തണമെന്നും ക്ഷേമപദ്ധതികളുടെ നേട്ടം അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ ബോര്‍ഡിന് സാധിക്കണമെന്നും എം.പി പറഞ്ഞു.

പലിശ ഇടപാട് നിഷിദ്ധമായതിനാല്‍ ക്ഷേമനിധിയുടെ ഫണ്ടുകള്‍ മറ്റ് അനുവദനീയമായ നിക്ഷേപമാര്‍ഗങ്ങളിലൂടെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അംഗത്വ ഫോറത്തിന്റെ വിതരണോദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ അധ്യാപകനായ അബ്ദുല്‍ റസാഖ് മദ്‌നിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ 41 പേര്‍ക്ക് 10,25,000 രൂപ വിവാഹ ധനസഹായമായും എട്ടുപേര്‍ക്ക് ചികിത്സാ സഹായമായി ഒരു ലക്ഷത്തി അറുപതിനായിരം രൂപയും 25 പേര്‍ക്ക് പുതുതായി പെന്‍ഷനും വിതരണം ചെയ്തു. ചടങ്ങില്‍ മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വി.എം കോയ മാസ്റ്റര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മൊയീന്‍ കുട്ടി മാസ്റ്റര്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുള്‍ ഹമീദ്, കെ എന്‍ എം പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ ടി അബൂബക്കര്‍ നന്മണ്ട, വിസ്ഡം വിദ്യാഭ്യാസ ബോര്‍ഡ് അംഗം അബ്ദുല്‍ ജബ്ബാര്‍ വളപ്പില്‍, സിഐഇആര്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് നന്മണ്ട, മജ്‌ലിസ് ഡയറക്ടര്‍ അനീസുദീന്‍ സി എച്ച്, ഇ യാക്കൂബ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ഉമ്മര്‍ ഫൈസി മുക്കം സ്വാഗതവും ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി എം ഹമീദ് നന്ദിയും പറഞ്ഞു.

Tags:    

Similar News