കേരള സാഹിത്യോല്‍സവം തുടങ്ങി; വിഭജന ശ്രമങ്ങളെ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ക്കൊണ്ട് ചെറുത്തുതോല്‍പ്പിക്കണമെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍

Update: 2021-09-25 12:23 GMT

മലപ്പുറം: രാജ്യത്ത് പലയിടത്തും വിഭജന ശ്രമങ്ങള്‍ നടക്കുകയാണെന്നും ജനങ്ങളെ മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തി ഒരു മതവിഭാഗത്തിനെതിരെ തിരിച്ചു വിടുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുന്നുണ്ടെന്നും തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍. ജനാധിപത്യ മതേതരത്ത മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്എസ്എഫ് സംഘടിപ്പിക്കുന്ന കേരള സാഹിത്യോല്‍സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇന്ത്യക്കകത്തും പുറത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഭിന്നിപ്പിച്ച് സ്വാതന്ത്ര്യവാഞ്ജയെ ഇല്ലാതാക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. അതിന്റെ പരിണിത ഫലമായി ഇന്ത്യ സ്വതന്ത്രമായപ്പോള്‍ രാജ്യം വെട്ടിമുറിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ വിഭജന തന്ത്രങ്ങളില്‍ വീണതിന് രാജ്യവും ജനങ്ങളും വലിയ വില നല്‍കേണ്ടി വന്നു. പുതിയ സാഹചര്യത്തില്‍ സ്ഥാപിത താല്‍പ്പര്യക്കാര്‍ നടത്തുന്ന വിഭജന ശ്രമങ്ങളില്‍ വീഴാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍ റഹ് മാന്‍ ഫൈസി, സി.പി സൈതലവി മാസ്റ്റര്‍, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ്, കെ വൈ നിസാമുദ്ദീന്‍ ഫാളിലി, സി എന്‍ ജഅഫര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ കാസര്‍കോഡ്, മുഹമ്മദലി കിനാലൂര്‍ എന്നിവര്‍ സംസാരിച്ചു.

ഒക്ടോബര്‍ രണ്ടു വരെ നീണ്ടു നില്‍ക്കുന്ന കേരള സാഹിത്യോല്‍സവത്തിന്റെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്ത കല, സാഹിത്യ, സാംസ്‌കാരിക പരിപാടികള്‍ നടക്കും. സമാപന സമ്മേളനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. 

Tags:    

Similar News