കേരളത്തെ ശ്വാസം മുട്ടിക്കുന്നു; കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കെ എന്‍ ബാലഗോപാല്‍

Update: 2025-12-24 16:05 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് കിട്ടാനുള്ള തുക നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ വര്‍ഷം മാത്രം കേരളത്തിന് ലഭിക്കാനുള്ള 17,000 കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കേരളത്തെ മാത്രം ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇങ്ങനെ ശ്വാസം മുട്ടിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ചെയ്ത പാതകമെന്തെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളെ കണ്ട ബാലഗോപാല്‍ ചോദിച്ചു. കടമെടുപ്പ് പരിധിയില്‍ വലിയ വെട്ടിക്കുറച്ചില്‍ ഉണ്ടായെന്നും ഇത് സംസ്ഥാനത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കേന്ദ്രമന്ത്രിയെ അറിയിച്ചതായി ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്തെ അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന രീതിയാണ് കേന്ദ്രം പിന്തുടരുന്നത്. കേരളത്തെ ദ്രോഹിക്കാന്‍ എന്ത് പാതകമാണ് ചെയ്തത്. കോണ്‍ഗ്രസ് സംസ്ഥാനത്തിനു വേണ്ടി എന്താണ് ചെയ്തത്. ഐജിഎസ്ടി വലിയ കുറവ് വരുന്നു എന്ന കാര്യം അറിയിച്ചു. ഇതില്‍ മാത്രം 965 കോടിയാണ് കുറഞ്ഞത്. ഇത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രി വിവരിച്ചു. തര്‍ക്കിക്കാനല്ല അവകാശപ്പെട്ടതാണ് ആവശ്യപ്പെടുന്നത്. തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെടുത്താന്‍ ശ്രമം നടന്നു. ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായ സംസ്ഥാനമായി കേരളം മാറിയെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി പെര്‍ഫോമന്‍സിലും കേരളം ആദ്യ അഞ്ചിലാണുള്ളത്. സംസ്ഥാനത്തിന് അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ മുട്ടുമടക്കില്ല. കേരളത്തിന് ലഭിക്കാനുള്ള കാര്യങ്ങള്‍ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

Tags: