സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Update: 2022-12-13 02:50 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാന്‍ഡസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. കനത്ത മഴയുടെയും കാറ്റിന്റെയും സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നതിനും വിലക്കുണ്ട്.

കേരള- കര്‍ണാടക തീരങ്ങളില്‍ ഡിസംബര്‍ 12 മുതല്‍ 13 വരെയും, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 14 വരെയും മല്‍സ്യബന്ധനത്തിന് പോവാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- കര്‍ണാടക തീരങ്ങളില്‍ ഡിസംബര്‍ 13 വരെയും, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 14 വരെയും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

16 വരെ തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തിയ്യതികളില്‍ മല്‍സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Tags: