ആരോഗ്യ കേരളം വെന്റിലേറ്ററില്‍, ചികില്‍സ കിട്ടാതെ മരിച്ച വേണു ഇര: വി ഡി സതീശന്‍
തിരുവനന്തപുരം: ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു കേരളത്തോട് സംസാരിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ നിസഹായാവസ്ഥയുടെ ആഴം വേണുവിന്റെ വാക്കുകളിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായി വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ എത്തിയിട്ടും അടിയന്തര ചികില്‍സ നല്‍കിയിരുന്നില്ല എന്നാണ് ആരോപണം. തനിക്ക് വേണ്ടത്ര ചികില്‍സ കിട്ടിയില്ലെന്ന് പറഞ്ഞ് സുഹൃത്തിന് ശബ്ദസന്ദേശം അയച്ച വേണു ഇതിനുപിന്നാലെ മരിക്കുകയായിരുന്നു. ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. സംഭവത്തിനു പിന്നാലെ കുടുംബം പരാതി നല്‍കുകയായിരുന്നു.