കേരള സമ്പദ്ഘടന പരിവര്‍ത്തനം: പ്രതിവാര പ്രഭാഷണ പരമ്പര ആരംഭിച്ചു

Update: 2021-04-29 14:01 GMT

തിരുവനന്തപുരം: കേരള സമ്പദ്ഘടനയെക്കുറിച്ചുള്ള പ്രതിവാര പ്രഭാഷണ പരമ്പര ആരംഭിച്ചു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടും കേരള ഇക്കണോമിക് അസോസിയേഷനുംകൂടിയാണ് പരമ്പര ഒരുക്കുന്നത്. ആഴ്ചയില്‍ ഒന്നു വീതം പ്രഭാഷണംവച്ച് 64 പ്രഭാഷണങ്ങളാണ് ഈ പരമ്പരയില്‍ ഉണ്ടാവുക. ആദ്യ പ്രഭാഷണം ഇന്ന് ആരംഭിച്ചു. 80 ശതമാനം പ്രഭാഷണങ്ങളിലും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും.

10 വിഷയങ്ങളിലായിട്ടാണ് പ്രഭാഷണങ്ങള്‍ നടക്കുക. കേരള വികസനാനുഭവങ്ങളുടെ പരിപ്രേക്ഷ്യങ്ങള്‍, കേരള വികസന മാതൃകയുടെ സൃഷ്ടി, പ്രാഥമികമേഖലയുടെ പ്രകടനം, ദ്വിതീയമേഖലയുടെ പ്രകടനം, സേവനമേഖലയുടെ പ്രകടനം, വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍, ധനകാര്യമേഖലയിലെ വെല്ലുവിളികള്‍, പുത്തന്‍ വികസന വെല്ലുവിളികള്‍, വെല്ലുവിളികളോടുള്ള പ്രതികരണങ്ങള്‍, പുത്തന്‍ കേരളവികസന മാതൃക- എന്നിവയാണ് വിഷയങ്ങള്‍.

ഓരോ വിഷയങ്ങളെയും കുറിച്ചുള്ള അവതരണങ്ങള്‍ കഴിഞ്ഞാല്‍ കേരള സര്‍വ്വകലാശാലകളിലെ അധ്യാപകര്‍ പങ്കെടുത്തുകൊണ്ടുള്ള പാനല്‍ ചര്‍ച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഉണ്ടാവും. ഓരോ പ്രഭാഷണത്തിനുശേഷവും ചോദ്യോത്തരങ്ങള്‍ക്കു സമയമുണ്ടാകും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം പ്രഭാഷണത്തിന്റെ കുറിപ്പുകള്‍ മുന്‍കൂട്ടിയോ പ്രഭാഷണത്തിനുശേഷമോ അയച്ചു നല്‍കും.

Tags: