കൊവിഡ് ദുരിതത്തില്‍ പ്രവാസികള്‍ക്ക് താങ്ങായി അബൂദബിയിലെ കേരള സാംസ്‌കാരിക വേദി

Update: 2020-05-21 07:38 GMT

അബൂദബി: കൊവിഡ് മൂലം പ്രതിസന്ധിയിലായവര്‍ക്ക് താങ്ങും തണലുമായി അബൂദബി പ്രവാസികളുടെ സംഘടന കേരള സാംസ്‌കാരിക വേദി. അസുഖ ബാധിതര്‍, കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ലേബര്‍ ക്യാപുകളില്‍ ദുരിതത്തില്‍ കഴിയുന്നവര്‍, വൈദ്യസഹായം വേണ്ടവര്‍, സന്ദര്‍ശക വിസയില്‍ ജോലി തേടി എത്തിയവര്‍ എന്നിങ്ങനെ വിവിധ രീതിയില്‍ വിദേശത്തെത്തി കുടുങ്ങിയവര്‍ക്കാണ് കേരള സാംസ്‌കാരികവേദി ആശ്വാസമാവുന്നത്.

പ്രവാസികളുടെ ഭക്ഷണം, മരുന്ന്, ശുചീകരണ സാധനങ്ങള്‍ എന്നിവയൊക്കെ സംഘടന നല്‍കുന്നുണ്ടെന്ന് കേരള സാംസ്‌കാരിക വേദി പ്രസിഡന്റ് റഊഫ് നാലകത്ത് പറഞ്ഞു. മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അബ്ദുല്‍ റഷീദ് മാസ്റ്റര്‍, എ എം ഇബ്രാഹിം തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്.

മറ്റ് പ്രവാസി സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി പ്രവാസികകളുടെ വീടുകളിലും സംഘടന സഹായമെത്തിക്കുന്നുണ്ട്. അവര്‍ക്കാവശ്യമായ ഭക്ഷണം, ചികില്‍സ തുടങ്ങിയവയാണ് സംഘടന ഇടപെട്ട് നല്‍കുന്നതെന്ന് കോര്‍ഡിനേറ്റര്‍മാരായ കോര്‍ഡിനേറ്റര്‍ സലിം പൊന്‍മള, ഷറഫുദ്ദീന്‍ മുളയങ്കാവ്, സി പി ഹുസൈന്‍, സുബൈര്‍ എന്നിവര്‍ പറഞ്ഞു.

അബൂദബി ടൗണ്‍, മുസഫ, ഷഹാമ, ബനിയാസ്, അല്‍ഐന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കേരള സാംസ്‌കാരിക വേദി മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കേരള സാസംകാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട്.