കേരളാ ബജറ്റ്: വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി

Update: 2022-03-09 13:32 GMT

തിരുവനന്തപുരം; സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളും ബജറ്റ് രേഖകളും അടങ്ങുന്ന വെബ് പോര്‍ട്ടലിന്റെയും ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചാലുടന്‍ ബജറ്റ് രേഖകള്‍ എല്ലാവരിലേക്കും ഓണ്‍ലൈനായി എത്തിക്കുന്നതിനുള്ള 'കേരളാ ബജറ്റ്' മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. budget.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കാം. 'Kerala Budget' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ഐ ഒ എസ് ആപ്പ് സ്‌റ്റോര്‍ എന്നിവയില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം.

1957 മുതലുള്ള ബജറ്റ് പ്രസംഗങ്ങളുള്‍പ്പെടെയുള്ള ബജറ്റ് രേഖകള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. പ്രധാനപ്പെട്ട ബജറ്റ് ഇന്‍ഡിക്കേറ്ററുകള്‍ ചാര്‍ട്ടുകളും ഗ്രാഫുകളുമുള്‍പ്പെടെയുള്ള ഇന്‍ഫോഗ്രാഫിക്‌സുകളുടെ സഹായത്തോടെ ലളിതമായി നല്‍കിയിരിക്കുന്ന പോര്‍ട്ടല്‍ സാമ്പത്തിക വിദഗ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്.

ധനമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്, ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി സഞ്ജയ് എം കൗള്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ധനകാര്യറിസോഴ്‌സ്) കെ മുഹമ്മദ് വൈ സഫിറുള്ള, നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ കേരളാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മോഹന്‍ കൃഷ്ണന്‍ പി വി, സീനിയര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ജി ജയകുമാര്‍, പ്രിന്‍സിപ്പല്‍ സിസ്റ്റം അനലിസ്റ്റ് അനില്‍ വി എസ് എന്നിവരും പങ്കെടുത്തു. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ് ധനകാര്യ വകുപ്പിന് വേണ്ടി വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചത്.