കേരള ബജറ്റ് 2021: പൊതുവില്‍പ്പന നികുതി കുടിശികയ്ക്കുളള ആംനസ്റ്റി ഈ വര്‍ഷവും തുടരും

Update: 2021-01-15 07:47 GMT

തിരുവനന്തപുരം: 2005-06 മുതല്‍ 2017-18 വരെ കേരള പൊതുവില്‍പ്പന നികുതി കുടിശികകള്‍ക്ക് 2020-21 ബജറ്റില്‍ പ്രഖ്യാപിച്ച ആംനസ്റ്റി പുതിയ വര്‍ഷത്തിലും തുടരും. സോഫ്റ്റ് വെയര്‍ പ്രശ്‌നം മൂലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും ഇളവുണ്ടാവും.

സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അടച്ചുപൂട്ടുകയും പിന്നീട് ലൈസന്‍സ് ലഭിക്കുകയും ചെയ്ത ബാര്‍ ഹോട്ടലുകള്‍ക്കും സോഫ്ട് വെയറിന്റെ പ്രശ്‌നങ്ങള്‍മൂലം റിട്ടേണുകള്‍ യഥാസമയം സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കുമാണ് ഇളവ്.

ഇത്തരം കേസുകളില്‍ വ്യാപാരികള്‍ക്ക് അസസ്സ്‌മെന്റുകളിലൂടെ ചുമത്തപ്പെട്ട നികുതിയും പിഴയും ദുര്‍വ്വഹമാണെന്നുള്ള നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോമ്പൗണ്ടിംഗ് രീതിയില്‍ നികുതി കണക്കാക്കി അടയ്ക്കുവാന്‍ ഇവരെ അനുവദിച്ചിരുന്നു. പിഴ പൂര്‍ണ്ണമായും പലിശയില്‍ 50 ശതമാനം ഇളവും അനുവദിച്ചു. കൊവിഡ് പ്രതിസന്ധിമൂലം 2020-21 വര്‍ഷത്തിലും റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം വന്നിട്ടുണ്ട്. ഈ ഇളവുകള്‍ 2020 ഡിസംബര്‍ 31 വരെയുള്ള കുടിശികകള്‍ക്കുകൂടി ബാധകമാക്കുമെന്നാണ് മന്ത്രി ബജറ്റില്‍ നിര്‍ദേശിക്കുന്നത്. ഇതിനുള്ള അപേക്ഷ 2021 ജൂണ്‍ 30നകം സമര്‍പ്പിക്കണം. പണം ജൂലൈ 31നകം തുക അടച്ചു തീര്‍ക്കുകയും വേണം.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 2014-15 വര്‍ഷത്തെ സര്‍ക്കാരിന്റെ അബ്കാരി നയത്തിന്റെ ഭാഗമായി ലൈസന്‍സ് നഷ്ടപ്പെട്ട ബാര്‍ ഹോട്ടലുകളുടെ കോമ്പൗണ്ടഡ് നികുതി കണക്കാക്കുന്നതിനു മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് 2015-16 വര്‍ഷത്തില്‍ ലൈസന്‍സ് നഷ്ടപ്പെട്ടവര്‍ക്കുകൂടി ബാധകമാകുന്ന തരത്തില്‍ നിയമം പുതുക്കും.

Tags: