കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കേരള ബാങ്ക് അനുവദിച്ചത് 42,594 കര്‍ഷകര്‍ക്കായി 80.391 കോടി രൂപയുടെ വായ്പ

Update: 2021-01-25 12:22 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കൈത്താങ്ങായി കേരള ബാങ്ക്. കിസാന്‍ മിത്ര വായ്പ പദ്ധതിയിലൂടെ 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 42,594 കര്‍ഷകര്‍ക്കായി ബാങ്ക് അനുവദിച്ചത് 803.91 കോടി രൂപയുടെ വായ്പ. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യഘട്ട 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 3,834 സംരംഭകത്വ വായ്പകളിലൂടെ 10,453 തൊഴിലവസരങ്ങളും കേരള ബാങ്ക് സൃഷ്ടിച്ചു. രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 10,000 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം.

2019 നവംബര്‍ 29 മുതല്‍ 2020 സെപ്്റ്റംബര്‍ വരെ മാത്രം 4181.25 കോടി രൂപയുടെ ഹൃസ്വകാല വായ്പയാണ് കാര്‍ഷിക അനുബന്ധ മേഖലകളിലായി വിവിധ സംഘങ്ങള്‍ക്ക് വിതരണം ചെയ്തത്. ദീര്‍ഘകാല കാര്‍ഷിക വായ്പയിനത്തില്‍ 16 കോടിയും വിതരണം ചെയ്തു.

എം.എസ്.എം.ഇ, സുവിധ, പ്രവാസികിരണ്‍ തുടങ്ങിയ വായ്പകളാണ് കേരള ബാങ്ക് സംരഭകര്‍ക്കായി അനുവദിച്ചത്. നബാര്‍ഡിന്റെ പുനര്‍വായ്പ സഹായത്തോടെ ദീര്‍ഘകാല കാര്‍ഷിക വായ്പകളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി നല്‍കി. കാര്‍ഷിക ചെറുകിട വ്യവസായ സംരംഭ മേഖലയില്‍ വിവിധ സഹകരണ സംഘങ്ങള്‍ക്ക് 134.25 കോടി രൂപയും വിതരണം ചെയ്തു. ജില്ലാ സഹകരണ ബാങ്കുകളുടെ ഏകീകരണത്തോടെ കേരള ബാങ്ക് വഴിയുള്ള വായ്പകളുടെ പലിശ നിരക്ക് കുറഞ്ഞിരുന്നു.

വ്യക്തിഗത വായ്പ, സ്വര്‍ണ പണയ വായ്പ, ഭവന, വാഹന, മൈക്രോ ഫിനാന്‍സ് വായ്പകളും കേരള ബാങ്ക് അനുവദിക്കുന്നുണ്ട്.

ഒരു വര്‍ഷം പിന്നിട്ട കേരള ബാങ്കിലെ നിക്ഷേപം 61,037.59 കോടി രൂപയായി. 2019-20 സാമ്പത്തിക വര്‍ഷം 374.75 കോടി രൂപയുടെ ലാഭമാണ് ബാങ്കിനുണ്ടായത്. 5,619 ജീവനക്കാരുള്ള ബാങ്കിന്റെ ആളോഹരി ബിസിനസ്സ് 18.44 കോടി രൂപയാണ്. 769 ശാഖകളുള്ള കേരള സംസ്ഥാന സഹകരണ ബാങ്കിന് 300ല്‍ അധികം എ.ടി.എമ്മുകളും ആറു മൊബൈല്‍ എ.ടി.എമ്മും ഉണ്ട്. 4,599 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ ശാഖകള്‍ ഉള്‍പ്പെടെ 5,668 വണ്‍ ടച്ച് പോയിന്റുകളും കേരള ബാങ്കിനുണ്ട്.

Tags: