ഇഞ്ചോടിഞ്ച് പോരാട്ടവുമായി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം

Update: 2021-04-03 14:12 GMT

സലീം മാള 


മാള: 15 ാം നിയമസഭയിലേക്ക് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍ഡിഎഫിലെ വി ആര്‍ സുനില്‍കുമാര്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം പി ജാക്‌സനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്തോഷ് ചെറാക്കുളവും കുറച്ചു വൈകിയാണ് പ്രചാരണം തുടങ്ങിയത്. പക്ഷേ, അവസാന ലാപ്പില്‍ ആരോപണ, പ്രത്യാരോപണങ്ങളായി പ്രചാരണം തകൃതിയായിത്തന്നെ നടന്നു.

14 ാം  നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ വി ആര്‍ സുനില്‍കുമാറിന് മിന്നുന്ന വിജയം കൈവരിച്ചിരുന്നു. വീണ്ടും കൊടുങ്ങല്ലൂര്‍ക്കാര്‍ തന്നെ തിരഞ്ഞെടുത്തയക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി ആര്‍ സുനില്‍കുമാര്‍. 2016ല്‍ ആകെ പോള്‍ ചെയ്ത 1,47,914 വോട്ടില്‍ 67,909 വോട്ട് നേടിയാണ് നിയോജക മണ്ഡലം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. രണ്ടാമതെത്തിയ യുഡിഎഫിന്റെ കെ പി ധനപാലന് 45,118 വോട്ടും എന്‍ഡിഎയിലെ സംഗീത വിശ്വനാഥന് 32,793 വോട്ടും ബാക്കി മറ്റ് സ്ഥാനാര്‍ത്ഥികളും പങ്കിട്ടിരുന്നു.

ആകെ പോള്‍ ചെയ്ത 1,47,914 വോട്ടില്‍ 45.9 ശതമാനം വോട്ട് എല്‍ഡിഎഫിനും 30.5 ശതമാനം വോട്ട് യുഡിഎഫിനും 22 ശതമാനം വോട്ട് എന്‍ഡിഎക്കും ലഭിച്ചു. 671 പോസ്റ്റല്‍ വോട്ടുകളില്‍ 418 വോട്ട് എല്‍ഡിഎഫിനും 164 വോട്ട് യുഡിഎഫിനും 78 വോട്ട് എന്‍ഡിഎക്കും മൂന്ന് വോട്ട് നോട്ടക്കും ലഭിച്ചപ്പോള്‍ എട്ട് വോട്ടുകള്‍ അസാധുവായി.

1997ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാള നിയോജക മണ്ഡലത്തില്‍ വി കെ രാജനോട് പരാജയപ്പെട്ട കെ പി ധനപാലന്‍ 2016ല്‍ വി കെ രാജന്റെ മകനായ വി ആര്‍ സുനില്‍കുമാറിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. അന്ന് വി കെ രാജനോട് 3,500ല്‍പ്പരം വോട്ടിനാണ് പരാജയപ്പെട്ടതെങ്കില്‍ മകനോട് പരാജയം ഏറ്റു വാങ്ങിയത് 22,537 വോട്ടിനാണ്. പിതാവ് വി കെ രാജന്റെ പാത പിന്‍തുടര്‍ന്ന് ജനകീയനായ എംഎല്‍എയായി കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്ന സുനില്‍കുമാറിനെ 2016നേക്കാള്‍ ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിക്കുമെന്നാണ് പാര്‍ട്ടിക്കാരല്ലാത്തവര്‍ പോലും പറയുന്നത്.

കൂടാതെ സമഗ്ര മേഖലകളിലും വികസനമെത്തിച്ച സര്‍ക്കാരിന്റെ പ്രതിഛായയും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ആരോഗ്യം, വിദ്യഭ്യാസം, കാര്‍ഷികം തുടങ്ങി എല്ലാ മേഖലകളിലേക്കും 869ല്‍പ്പരം കോടി രൂപയുടെ വികസനമെത്തിച്ചെന്നാണ് എംഎല്‍എയുടെയും മറ്റും അവകാശവാദം. ആരോഗ്യ മേഖലയില്‍ 27 കോടി, വിദ്യഭ്യാസ മേഖലയില്‍ 43.09 കോടി, സര്‍ക്കാര്‍ ഓഫിസുകളുടെ നവീകരണം 16 കോടി, മേത്തല സിവില്‍ സ്‌റ്റേഷന്‍ 2.5 കോടി, കാര്‍ഷിക മേഖലയില്‍ 27 കോടി, ജലസേചന മേഖലയില്‍ 13 കോടി, കയര്‍ മേഖലയില്‍ ആറ് കോടി, മത്സ്യമേഖലയില്‍ 10 കോടി, വൈദ്യുതി മേഖലയില്‍ 109 കോടി, മുസിരിസ് പൈതൃക പദ്ധതി 27.30 കോടി, കൊടുങ്ങല്ലൂര്‍-ഷൊര്‍ണ്ണൂര്‍ റോഡിനടക്കം 315 കോടി, പുല്ലൂറ്റ് പാലമക്കമുള്ള പാലങ്ങള്‍ക്ക് 88 കോടി രൂപ -ഇപ്രകാരമാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് നിയോജക മണ്ഡലത്തില്‍ അനുവദിക്കപ്പെട്ടതെന്നാണ് എംഎല്‍എയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

സമ്പൂര്‍ണ്ണ ഹൈടെക് വിദ്യാലയങ്ങള്‍, ഉന്നത വിദ്യഭ്യാസ രംഗത്ത് വികസനം, പൈതൃക സംരക്ഷണ പദ്ധതികള്‍, ജലപാതകളുടെ പുനരുജ്ജീവനം, കുടിവെള്ള പദ്ധതികള്‍, ജലസേചന പദ്ധതികള്‍, തൊഴിലവസരങ്ങള്‍ തുടങ്ങി വലിയ തോതിലുള്ള വികസനം വാഗ്ദാനം ചെയ്താണ് വി ആര്‍ സുനില്‍കുമാറിന്റെ വോട്ടുപിടുത്തം.

അതേസമയം മണ്ഡലം തിരിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫും തയ്യാറെടുക്കുകയാണ്. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം പി ജാക്‌സന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയാണ്. യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ മത്സരിച്ച് വിജയിച്ച കൊടുങ്ങല്ലൂര്‍ മണ്ഡലം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്. ഇടത്തോട്ടും വലത്തോട്ടും ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ചരിത്രമുള്ള പഴയ മാള നിയമസഭാ മണ്ഡലം ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലമായി മാറിയിരിക്കുകയാണ്. ലീഡര്‍ കെ കരുണാകരന്റെ തട്ടകമായ ഈ മണ്ഡലം തിരിച്ചുപിടിക്കാനുള്ള നിയോഗവുമായിട്ടാണ് എം പി ജാക്‌സണ്‍ മത്സരത്തിനിറങ്ങുന്നത്.

ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ നിര്‍ണായകമായ കൊടുങ്ങല്ലൂര്‍ മണ്ഡലം ഇക്കുറി തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. കാര്‍ഷിക-മത്സ്യ-തൊഴില്‍ രംഗങ്ങളിലും വിദ്യഭ്യാസ, കുടിവെള്ള, ടൂറിസം മേഖലകളിലും റോഡ്ഗതാഗത, പൈതൃക, കായിക രംഗങ്ങളിലും വികസനമെത്തിക്കുമെന്നാണ് യുഡിഎഫിന്റെ വാഗ്ദാനം.

ഇരുമുന്നണികള്‍ക്കുമപ്പുറം നിയോജക മണ്ഡലത്തില്‍ സമഗ്ര വികസനമെത്തിക്കുമെന്നാണ് എന്‍ഡിഎയുടെ വാഗ്ദാനം. ചെറുകക്ഷികളും വ്യക്തികളും മത്സരരംഗത്തുണ്ട്. പരസ്യ പ്രചാരണം നാളെ അവസാനിക്കുന്നതോടെ നിശബ്ദ പ്രചാരണത്തിലേക്കാകുമിവരുടെ ശ്രദ്ധ. വാശിയേറിയ മത്സരത്തില്‍ പൊടിപാറിയ ദിനങ്ങളാണ് കടന്നുപോയത്.

Similar News