ട്രാന്‍സ്‌ജെന്റേഴ്‌സിന് സൗജന്യ നിയമസഹായം എത്തിക്കുമെന്ന് കെല്‍സ ചെയര്‍മാന്‍

Update: 2021-11-07 11:26 GMT

തൃശൂര്‍: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സമൂഹത്തിലെ ട്രാന്‍സ്‌ജെന്റേഴ്‌സിന് സൗജന്യ നിയമ സഹായം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി നേതൃത്വം നല്‍കുമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസും കെല്‍സ ചെയര്‍മാനുമായ കെ വിനോദ് ചന്ദ്രന്‍. 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായി ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ട്രാന്‍സ്‌ജെന്റേഴ്‌സ് ഉള്‍പ്പെടെ സമൂഹത്തില്‍ നീതി നിഷേധിക്കപ്പെടുന്നവരുണ്ട്. ഇവര്‍ക്ക് നിയമ അവബോധം എത്തിക്കുന്നതിനൊപ്പം സൗജന്യ നിയമ സഹായവും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. അതോടൊപ്പം നീതി നിഷേധിക്കുന്നവരില്‍ നീതി ബോധം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും അതോറിറ്റി നടത്തും. പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഇന്ന് കാണുന്ന പുരോഗതി കൈവരിക്കാനായത്. സമൂഹത്തില്‍ അവഗണന നേടുന്ന ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags: