മുസ് ലിംചരിത്രവും സ്മരണകളും തൂത്ത് മാറ്റാന്‍ കെജ്രിവാളും; മസിഹുല്‍ മുല്‍ക്കിന്റെ ഹിന്ദുസ്ഥാനി ദവാഖാന ഇനി മുതല്‍ 'ആം ആദ്മി പോളിക്ലിനിക്'

Update: 2022-02-05 06:53 GMT

പുനര്‍നാമകരണം ഇന്ന് ഇന്ത്യയില്‍ പതിവാണ്. ആദ്യ ഘട്ടത്തില്‍ ബ്രിട്ടീഷ് പൈതൃകം കൊഴിച്ചുകളയുന്നതിന്റെ ഭാഗമായിരുന്നു അതെങ്കില്‍ പിന്നീട് മുസ് ലിംകളുടെ ചരിത്രവും സംസ്‌കാരവും തൂത്ത് മാറ്റുകയായി ലക്ഷ്യം. ബോംബെ മുംബൈയും മദ്രാസ് ചെന്നൈയുമായി മാറുമ്പോള്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പൈതൃകത്തെ തുടച്ചുമാറ്റാനുള്ള ശ്രമമായാണ് നാം കണ്ടത്. പക്ഷേ, പിന്നീട് ഓരോരോ സ്ഥലനാമങ്ങളും സ്ഥാപനങ്ങളുടെ നാമങ്ങളും മാറ്റുന്നതിന്റെ ലക്ഷ്യം മുസ് ലിം പാരമ്പര്യം പൊഴിച്ചുകളയലായി. പ്രധാനമായും ബിജെപിയും ആര്‍എസ്എസ്സ് ധൈഷണികരുമാണ് ഈ നീക്കം നടത്തിയത്. അതിനെതിരേ വലിയ പ്രതിഷേധവും രാജ്യത്തുണ്ടായി.

എന്നാല്‍ മുസ് ലിംചരിത്രത്തെ തൂത്തുമാറ്റാനുള്ള ശ്രമം ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും തുടങ്ങിയിരിക്കുന്നു. പ്രശസ്ത യൂനാനി പ്രാക്റ്റീഷ്ണറും സ്വാതന്ത്ര്യസമരസേനാനിയുമായ മസിഹുല്‍ മുല്‍ക്ക് സ്ഥാപിച്ച ഡല്‍ഹിയിലെ യൂനാനി ആശുപത്രിയായ ഹിന്ദുസ്ഥാനി ദവാഖാനയുടെ പേര് ആം ആദ്മി പോളിക്ലിനിക് എന്നാക്കി മാറ്റിയിരിക്കുകയാണ്.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരേ ആള്‍ ഇന്ത്യ യൂനാനി കോണ്‍ഗ്രസ് ഡല്‍ഹി യൂനിറ്റ് ഇതിനെതിരേ രംഗത്തുവന്നിരിക്കുകയാണ്. മുസ് ലിംകളുടെ പൈതൃകവും സ്വാതന്ത്ര്യദിനത്തിലെ പങ്കും തുടച്ചുനീക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് തുല്യമാണ് ഇതെന്നും ആരോപിക്കപ്പെടുന്നു. മാത്രമല്ല, ഹിന്ദു-മുസ് ലിം മൈത്രിയുടെ പ്രതീകമായി അറിയപ്പെടുന്ന നേതാവാണ് മസിഹുല്‍ മുല്‍ക്ക്. 

മസിഹുല്‍ മുല്‍ക്ക് 

 ഇതുവരെ ഒരൊറ്റ യൂനാനി ക്ലിനിക്കുപോലും സ്വന്തമായി സ്ഥാപിക്കാത്ത സര്‍ക്കാരാണ് ഉള്ള ക്ലിനിക്കിന്റെ പേര് മാറ്റി ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്നതെന്നും യൂനാനി ഡോക്ടര്‍മാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം നടന്ന ആള്‍ ഇന്ത്യ യൂനാനി തിബ്ബി കോണ്‍ഗ്രസ്സ് യോഗത്തിലും ഇതേ വിമര്‍ശനം ഉയര്‍ന്നു. മസിഹുല്‍ മുല്‍ക്കിന്റെ പിതാമഹന്മാര്‍ സ്ഥാപിച്ചതാണ് ഈ ക്ലിനിക്കെന്നും സംഘടനയുടെ അധ്യക്ഷന്‍ ഡോ. സഞ്ജയ് ദ്രിഗ്ര പറയുന്നു. 


 ഒരുകാലത്ത് യൂനാനി ചികില്‍സാ സമ്പ്രദായത്തില്‍ നിലനിന്ന 84 ശതമാനം പാറ്റന്റുകളും ഹിന്ദുസ്ഥാനി ദവാഖാനയില്‍നിന്നായിരുന്നു. ഡല്‍ഹിയുടെ ചരിത്രകാരനായ ആര്‍ വി സ്മിത് പറയുന്നതനുസരിച്ച് ഹിന്ദുസ്ഥാനി ദവാഖാന 1910ലാണ് ആരംഭിച്ചത്. ഇന്ന് പോലും തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഉപയോഗിക്കുന്ന മരുന്നുകളായ മുസാഫി, ഷര്‍ബത്ത് ഇ സദര്‍, അകിസെ നിസാമ, ഹെബത്ത് കെബത്ത് എന്നിവ ഈ ആശുപത്രിയുടെ കണ്ടെത്തലാണ്. 


 ചിലര്‍ ചരിത്രം വളച്ചൊടിക്കുമ്പോള്‍ ചിലര്‍ ചരിത്രം മായ്ച്ചുകളയുകയാണ് ചെയ്യുന്നതെന്ന് ആയുഷ് മന്ത്രാലയത്തിന്റെ ഭാഗമായ സിസിആര്‍യുഎം മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷെയ്ക്ക് ഉദ് ഡിന്‍ പറയുന്നു.

1921ലാണ് ഹക്കിം അജ്മല്‍ ഖാന്‍ യൂനാനി തിബ്ബിയ കോളജ് സ്ഥാപിച്ചത്. പക്ഷേ, ഇന്നുവരെ ഇതിന് സര്‍വകലാശാല പദവി നല്‍കിയിട്ടില്ലെന്ന് യൂനാനി ഡോക്ടര്‍മാര്‍ക്ക് വ്യാപകമായ പരാതിയുണ്ട്.

Tags: