ന്യൂഡല്‍ഹി: അനധികൃത നിര്‍മിതികള്‍ തകര്‍ക്കുന്നതിന്റെ മറവില്‍ ലക്ഷക്കണക്കിനുപേരെ കുടിയിറക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നയങ്ങള്‍ക്കെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 63 ലക്ഷം പേരെ കുടിയിറക്കുന്ന നടപടി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ തകര്‍ക്കലായിരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
അനധികൃത നിര്‍മിതിക്കെതിരേ നടക്കുന്ന നടപടിക്കെതിരേ പ്രവര്‍ത്തിച്ച് ജയിലില്‍പോകാന്‍ ഒരുക്കമായിരിക്കണമെന്ന് കെജ്രിവാള്‍ സ്വന്തം എംഎല്‍എമാരോട് പറഞ്ഞു.
''അവര്‍ ബുള്‍ഡോസറുകളുമായി കോളനികളിലേക്ക് വരികയാണ്. വീടുകളും കടകളും തകര്‍ക്കുന്നു. തങ്ങളുടെ അവകാശം വെളിവാക്കുന്ന കടലാസുകള്‍ നല്‍കിയിട്ടും അവ പരിശോധിക്കുന്നില്ല. പൊളിക്കല്‍ നിര്‍ത്തുന്നുമില്ല''- അദ്ദേഹം പറഞ്ഞു.
''ഡല്‍ഹി ആസൂത്രിതമായ രീയില്‍നിര്‍മിച്ച നഗരമല്ല. 80ശതമാനം പേരും അനധികൃതമായി വന്നവാരണ്. അതിനര്‍ത്ഥം 80 ശതമാനം പേരെയും നശിപ്പിക്കണമെന്നാണോ?''- അദ്ദേഹം ചോദിച്ചു.
''ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നിലപാടുകളെ അംഗീകരിക്കാനാവില്ല. 50 ലക്ഷം പേരും താമസിക്കുന്നത് അനധികൃത കോളനികളിലാണ്. 10 ലക്ഷം പേര്‍ കുടിലുകളിലാണ്. പലരും തങ്ങളുടെ വീടുകള്‍ ഒരിജിനല്‍ പ്ലാനിനുപുറമെ ചില നിര്‍മാണപ്രക്രിയകള്‍ നടത്തിയിട്ടുണ്ട്''- അദ്ദേഹം പറഞ്ഞു.