കീം പരീക്ഷാഫലം; സര്‍ക്കാരിന്റെ അപ്പീല്‍ കോടതി തള്ളി

Update: 2025-07-10 11:00 GMT

കൊച്ചി: കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ വേണം എന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പടുവിച്ചത്. പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഫലം റദ്ദാക്കിയത്.

പഴയ ഫോര്‍മുല ഉപയോഗിച്ചാല്‍ ആദ്യ പത്തില്‍ സംസ്ഥാന സിലബസ് പഠിച്ച ആരും ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള അസമത്വം അവസാനിപ്പിക്കാനാണ് പ്രോസ്‌പെക്റ്റസില്‍ മാറ്റം വരുത്തിയതെന്നും പ്രോസ്‌പെക്റ്റസില്‍ മാറ്റം വരുത്താന്‍ വ്യവസ്ഥയുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയ സ്ഥിതിക്ക് പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാകുമെന്നാണ് നിഗമനം. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

Tags: