മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള കെസിബിസിയുടെ ' മധുരം സായന്തനം' ഉദ്ഘാടനവും പുസ്തക പ്രകാശനവും

വിശ്രമജീവിതം നയിക്കുന്നവര്‍ക്കും ഏകാന്തതയില്‍ കഴിയുന്നവര്‍ക്കും വിരസതയെ അതിജീവിക്കാനും ക്രിയാത്മകമായി ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനും ഉപകരിക്കുന്ന പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയാണ് ലക്ഷ്യമെന്ന് കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രാഹം ഇരിമ്പിനിക്കല്‍

Update: 2022-08-01 13:50 GMT

കൊച്ചി:കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഭവനങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും ജോലിയില്‍ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കുമായി ' മധുരം സായന്തനം' പരിപാടി സംഘടിപ്പിക്കുന്നു.വിശ്രമജീവിതം നയിക്കുന്നവര്‍ക്കും ഏകാന്തതയില്‍ കഴിയുന്നവര്‍ക്കും വിരസതയെ അതിജീവിക്കാനും ക്രിയാത്മകമായി ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനും ഉപകരിക്കുന്ന പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയാണ് ലക്ഷ്യം. ഇത്തരക്കാരെ ഒരുമിച്ചു കൂട്ടി അവരുടെ കലാസാഹിത്യാഭിരുചികള്‍ പ്രോല്‍സാഹിപ്പിക്കുക, മാനസീക ശാരീരികാരോഗ്യത്തിനു തകുന്ന ഉപാധികള്‍ പരിശീലിപ്പിക്കുക തുടങ്ങിയവയും ' മധുരം സായന്തന' ത്തില്‍ ഉണ്ടാകുമെന്ന് കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രാഹം ഇരിമ്പിനിക്കല്‍ പറഞ്ഞു.

ജാതി മത സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും പങ്കാളിയാകാവുന്ന ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ഈ മാസം നാലിന് വൈകുന്നേരം 3.30 ന് പാലാരിവട്ടം പിഒ സിയില്‍ നടക്കും. നാടക രംഗത്ത് 40വര്‍ഷം പിന്നിട്ട സേവ്യര്‍ മാസ്റ്റര്‍, ചലച്ചിത്ര തിരക്കഥാകൃത്ത് ഫാ ഡാനി കപ്പുചിയന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.മാധ്യമ കമ്മീഷന്റെ പ്രഥമ പ്രസാധന സംരംഭമായ ' കഥകള്‍ 20/22' പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. മലയാളത്തിലെ പ്രമുഖ കഥാകാരന്മാരുടെ ചെറുകഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ഉമ തോമസ് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും.

Tags:    

Similar News