കഴക്കൂട്ടം-കാരോട് ബൈപാസ് ടോള്‍പിരിവിനെതിരെ പ്രതിഷേധം; ടോള്‍ പിരിവ് താല്‍കാലികമായി നിര്‍ത്തിവച്ചു

Update: 2021-08-24 07:30 GMT

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപാസ് ടോള്‍പിരിവിനെതിരെ കോണ്‍ഗ്രസ്-സിപിഎം പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും സിപിഎമ്മിന്റെ നേതൃത്വത്തിലുമാണ് ടോള്‍ പ്ലാസക്ക് മുന്നില്‍ പ്രതിഷേധം നടക്കുന്നത്.

ടോല്‍ പ്ലാസക്ക് സമീപമുള്ള 25 കിലോ മീറ്റര്‍ പിരിധിയിലുള്ളവരെ ടോളില്‍ നിന്ന് ഒഴിവാക്കണം, പാതിവഴിയിലായ ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമേ ടോളിനെ കുറിച്ച് ആലോചിക്കാവൂ, 35 വര്‍ഷമായി ജനം ഉപയോഗിക്കുന്ന റോഡിന് ടോള്‍ നല്‍കാനാവില്ല എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.

എം വിന്‍സെന്റ് എംഎല്‍എയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം. കഴിഞ്ഞ ആഴ്ചയും ഇവിടെ ശക്തമായ ജനകീയ പ്രതിഷേധം നടത്തിയിരുന്നു. അന്നത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് ധാരണ ആയ ശേഷമേ ടോള്‍ പിരിവ് തുടങ്ങൂ എന്നാണ് അന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ ഇന്ന് രാവിലെയോടെ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കുകയായിരുന്നു. ഇതോടെയാണ് യുഡിഎഫ്-സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Tags: