സിദ്ദിഖ് കാപ്പന്റെ മോചന ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കവിത ലങ്കേഷ്
ബംഗളൂരു: യുപിയില്‍ റിപോര്‍ട്ടിങ്ങിനിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ മോചന ശ്രമങ്ങള്‍ക്ക് എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് കവിതാ ലങ്കേഷ്. സിദ്ദിഖിന്റെ മോചനത്തിനു വേണ്ടി പരിശ്രമിക്കുന്നവര്‍ക്കൊപ്പം താനുമുണ്ടെന്നും അവര്‍ പറഞ്ഞു. കര്‍ണാടയില്‍ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരിയും അറിയപ്പെടുന്ന സിനിമാപ്രവര്‍ത്തകയുമാണ് കവിതാ ലങ്കേഷ്.
ഹാത്രസിലേക്കു വാര്‍ത്താശേഖരണത്തിനായി പോകുന്ന വഴിയാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി യുപിയിലെ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കടുംബാംഗങ്ങള്‍ ജനുവരി 12ന് സെക്രട്ടറിയറ്റിനു മുന്നില്‍ സത്യഗ്രഹ സമരം നടത്തുന്നുണ്ട്. ഭാര്യ റൈഹാനത്തും മക്കളും മറ്റ് കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും.
കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനെ യുപി പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. കേരള സര്‍ക്കാറിന്റെ പരിധിയില്‍ അല്ലാത്തതിനാല്‍ ഇടപെടാനാവില്ല എന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയുടെ വിശദീകരണം.
മഥുര ജയിലില്‍ തടവിലുള്ള സിദ്ദീഖ് കാപ്പന്റെ കേസ് ഇനി ജനുവരി 23നാണ് സുപ്രിം കോടതി പരിഗണിക്കുക. കേസ് പരിഗണിച്ചപ്പോഴെല്ലാം യുപി പോലീസിന്റെ നിരര്‍ഥകമായ വാദങ്ങള്‍ കണക്കിലെടുത്ത് കേസ് നീട്ടിനവയ്ക്കുകയായിരുന്നു.
