കവളപ്പാറ പുനരധിവാസം: ഇരകള്‍ക്ക് ലഭിച്ചത് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ച ഭൂമി ; പൊളിഞ്ഞത് പാര്‍ട്ടിയുടെ ഭൂമി കച്ചവടം

കവളപ്പാറ ദുരന്തത്തിലെ ഇരകളുടെ പുരധിവാസം ഇത്രയും വൈകിച്ചതിനു കാരണം പി വി അന്‍വര്‍ എംഎല്‍എയും പ്രാദേശിക സിപിഎം നേതൃത്വവും നടത്തിയ ഇടപെടലുകളായിരുന്നു.

Update: 2020-09-19 04:56 GMT

മലപ്പുറം: കവളപ്പാറയില്‍ 59 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് ഒടുവില്‍ ലഭിച്ചത് മുന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ച ഭൂമി. മലപ്പുറം മുന്‍ കലക്ടര്‍ ജാഫര്‍ മാലിക് പോത്തുകല്‍ പഞ്ചായത്തിലെ ഞെട്ടിക്കുളം അങ്ങാടിക്കു സമീപം ആനക്കല്ലില്‍ കണ്ടെത്തിയ ഭൂമി തന്നെ ഒടുവില്‍ കവളപ്പാറ ദുരന്തബാധിതര്‍ക്ക് ലഭിക്കുകയായിരുന്നു. സെന്റിന് 34638 രൂപക്കാണ് 3.57 ഏക്കര്‍ ഭൂമി ദുരന്തബാധിതര്‍ക്ക് വാങ്ങി നല്‍കിയത്. ഇതിന്റെ രജിസ്‌ട്രേഷന്‍ ഇന്നലെ നടന്നു. ഓരോ കുടുംബത്തിനു 10 സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കി. 13 അടി വീതിയില്‍ വഴിയും പൊതു കിണര്‍, ജല സംഭരണി, വ്ിശ്രമ കേന്ദ്രം എന്നിവയും ഇവിടെ ഒരുക്കും.

കവളപ്പാറയിലെ മുത്തപ്പന്‍കുന്നില്‍ 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പ്പൊട്ടലുണ്ടായത്. 59 ജീവനുകള്‍ നഷ്ടപ്പെടുകയും 42 വീടുകള്‍ മണ്ണിനടിയിലാകുകയും ചെയ്തിരുന്നു. കവളപ്പാറയില്‍ അവശേഷിക്കുന്ന 67 കുടുംബങ്ങള്‍ക്ക 'ഭൂദാനം നവകേരളം' പദ്ധതിയില്‍ വീടൊരുക്കുന്നതിന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഭൂമി കണ്ടെത്തി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദുരന്തബാധിതര്‍ക്ക് ഭൂമി കണ്ടെത്തുന്നതില്‍ ഇടനിലക്കാരായി പണം തട്ടാനുള്ള സിപിഎം നേതൃത്വത്തിന്റെ നീക്കം നടക്കില്ലെന്നു കണ്ടതോടെ പി വി അന്‍വര്‍ എംഎല്‍എ കലക്ടര്‍ക്കെതിരേ തിരിയുകയായിരുന്നു. കലക്ടര്‍ നിര്‍ദേശിച്ച ഭൂമിയെക്കാള്‍ കുറഞ്ഞവിലക്ക് ഭൂമി ലഭ്യമാകുമെന്നായിരുന്നു എം.എല്‍.എ പറഞ്ഞത്. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കുകയും, ഭൂമിയേറ്റെടുക്കാന്‍ പുതിയ വിജ്ഞാപനം തന്നെ ഇറക്കുകയുമുണ്ടായി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കലക്ടറുടെ നേതൃത്വത്തില്‍ പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ വിലക്ക് അനുയോജ്യമായ വേറെ ഭൂമി കണ്ടെത്താനും നിര്‍ദേശിക്കാനും എംഎല്‍എക്ക് സാധിച്ചില്ല.

പോത്തുകല്ലിലെ സ്വകാര്യ ഓഡിറ്റോറിയത്തിലെ രണ്ട് ഹാളുകളിലായാണ് കവളപ്പാറ ദുരന്തത്തിലെ 35ഓളം കുടുംബങ്ങള്‍ ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് എത്രയും പെട്ടെന്ന് ഭൂമി കണ്ടെത്തി പുനരധിവാസം ഉറപ്പാക്കുന്നതിനു പകരം കലക്ടര്‍ ജാഫര്‍ മാലികിനോടുള്ള വിരോധം കാരണം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്ന സമീപനമാണ് എംഎല്‍എയില്‍ നിന്നുമുണ്ടായത്. ഇതിനെതിരേ കവളപ്പാറ കോളനി കൂട്ടായ്മ കണ്‍വീനറും ദുരന്തത്തിന്റെ ഇരയുമായ എം എസ് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതോടെയാണ് പുനരധിവാസം വേഗത്തിലായത്. കവളപ്പാറ ദുരന്തത്തിലെ ഇരകളുടെ പുരധിവാസം ഇത്രയും വൈകിച്ചതിനു കാരണം പി വി അന്‍വര്‍ എംഎല്‍എയും പ്രാദേശിക സിപിഎം നേതൃത്വവും നടത്തിയ ഇടപെടലുകളായിരുന്നു. കുറഞ്ഞ വിലക്ക് സ്ഥലം ലഭ്യമാവുന്ന മലയോര മേഖലയില്‍ അനുയോജ്യമായ ഇടം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പര്‍ചേസ് കമ്മറ്റി കണ്ടെത്തിയപ്പോള്‍ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ അനാവശ്യ ഇടപെടലുകളാണ് പുനരധിവാസം ഇത്രയും വൈകാന്‍ കാരണമായതെന്ന് ഇരകള്‍ പറയുന്നുണ്ട്.

മുന്‍ കലക്ടര്‍ ജാഫര്‍ മാലിക് പുനരധിവാസത്തിന് കണ്ടെത്തിയ ഭൂമി ഇരകള്‍ക്ക് വാങ്ങി നല്‍കിയപ്പോള്‍ സര്‍ക്കാറിന് ലാഭമുണ്ടായത് 82.24 ലക്ഷം രൂപയാണ്. ഭൂമി വാങ്ങുന്നതിന് 1.94 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതില്‍ 1.12 കോടിയാണ് ചിലവായത്. ഇടനിലക്കാരില്ലാതെ നടത്തിയ ഇടപാടായതിനാല്‍ കുറഞ്ഞ വിലക്ക് ഭൂമി ലഭ്യമാക്കാനും സര്‍ക്കാര്‍ ഖജനാവിന്് 82.24 കോടി രൂപ ലാഭമുണ്ടാക്കാനും സാധിച്ചു. 

Tags:    

Similar News