ചണ്ഡീഗഢ്: 2018ലെ കത്വ ബലാല്‍സംഗക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന ജമ്മു കശ്മീര്‍ പോലിസിലെ എസ്‌ഐക്ക് ഹരിയാന, പഞ്ചാബ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന മൂന്ന് പേരില്‍ ഒരാളാണ് എസ്‌ഐ ആയിരുന്ന ആനന്ദ് ദത്ത. തെളിവ് നശിപ്പിച്ച കേസില്‍ ഇവര്‍ക്കെതിരേ ഐപിസി 201 പ്രകാരം കേസെടുത്തിരുന്നു. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു.
'2018 ലെ കത്വ ബലാത്സംഗ കേസില്‍ തെളിവ് നശിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട എസ്‌ഐ ആനന്ദ് ദത്തയ്ക്ക് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊലപാതകം, ബലാല്‍സംഗം, അഴിമതി എന്നീ കുറ്റങ്ങളില്‍ നിന്ന് കുറ്റവിമുക്തനാക്കിയിട്ടും ഐപിസി സെക്ഷന്‍ 201 പ്രകാരം ശിക്ഷിക്കാന്‍ കാരണമില്ലെന്നായിരുന്നു ഞങ്ങള്‍ വാദിച്ചത്'- അഭിഭാഷകന്‍ ബിപിന്‍ ഘായ് പറഞ്ഞു.
2018 ജനുവരിയില്‍ ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ദേശീയ തലത്തില്‍ത്തന്നെ പ്രതിഷേധമുണ്ടാക്കിയിരുന്നു. സംഭവത്തിലെ മുഖ്യപ്രതിയായ സഞ്ജി റാമിനും മറ്റ് രണ്ട് പേര്‍ക്കും പത്താന്‍കോട്ട് കോടതി കൊലപാതകം, കൂട്ടബലാല്‍സംഗം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. അതേ കേസിലാണ് തെളിവ് നശിപ്പിച്ചതിന് ആനന്ദ് ദത്തയടക്കം മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
ഹെഡ്‌കോണ്‍സ്റ്റബിളായ തിലക് രാജ്, സ്‌പെഷ്യല്‍ പോലിസ് ഉദ്യോഗസ്ഥനായ സുരേന്ദര്‍ വര്‍മ എന്നിവരാണ് മറ്റ് രണ്ട് പോലിസുകാര്‍.
