കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പുല്‍വാമ ആസൂത്രകനെന്ന് കശ്മീര്‍ പോലിസ്

Update: 2021-07-31 10:03 GMT

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ പുല്‍വാമ ആക്രമണത്തിന്റെ ഗൂഢാലോചനക്കാരിലൊരാളെന്ന് കശ്മീര്‍ പോലിസ്. മരിച്ചത് ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് അസറിന്റെ കുടുംബാഗമായ മുഹമ്മദ് ഇസ്മയില്‍ അല്‍വിയാണെന്ന് പോലിസ് അവകാശപ്പെട്ടു. അദ്‌നന്‍, ലംബൂ എന്നീ രഹസ്യനാമങ്ങളിലും ഇയാള്‍ അറിയപ്പെടുന്നു. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ ഡാച്ചിഗാം പ്രദേശത്ത് നഗ്‌ബേരന്‍ ടാര്‍സാന്‍ വനമേഖലയിലാണ് ഇന്ന് രാവിലെ മുതല്‍ ഏറ്റുമുട്ടലുണ്ടായത്. ഇവരുടെ സാന്നിധ്യം പോലിസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. സുരക്ഷാസേനയുടെയും പോലിസിന്റെ ടീമുകള്‍ വളഞ്ഞതോടെ ഇവരും വെടിവയ്പ് തുടങ്ങി. 

ലത്‌പോറയിലെ പുല്‍വാമ ആക്രമണത്തില്‍ ഗൂഢാലോചന നടത്തിയവരുടെ പട്ടികയില്‍ എന്‍ഐഎ അല്‍വിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കശ്മീര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.

2019 ഫെബ്രുവരിയിലാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് പാര്‍ട്ടിയെ അദില്‍ അഹ്മദ് ദര്‍ സ്വയം പൊട്ടിത്തെറിച്ച് കൊലപ്പെടുത്തിയത്. സിആര്‍പിഎഫ് കോണ്‍വോയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറ് സ്വയം ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തോടെ ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായി.

അല്‍വി ഐഇഡി നിര്‍മാണത്തില്‍ വിദഗ്ധനാണ്. നിരവധി ആക്രമണങ്ങളില്‍ പങ്കെടുത്തു.