കശ്മീര്‍: ചൈന പിടിമുറുക്കുന്നു, യുഎന്‍ സുരക്ഷാ സമിതിയിയില്‍ ഇന്ന് രാത്രി വീണ്ടും അടഞ്ഞ വാതില്‍ ചര്‍ച്ച

ചൈനയാണ് ചര്‍ച്ചയ്ക്കുള്ള നോട്ടിസ് നല്‍കിയത്. പാകിസ്താന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമാണ് പുതിയ സംഭവവികാസങ്ങള്‍.

Update: 2020-01-15 13:42 GMT

ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യക്കെതിരേ ചൈന വീണ്ടും രംഗത്ത്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പ് റദ്ദുചെയ്യുകയും സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ തടവിലിടുകയും വ്യാപകമായ നിരോധനാജ്ഞകളും ഇന്റര്‍നെറ്റ് നിരോധനവും നടപ്പാക്കുകയും ചെയ്ത വിഷയത്തില്‍ യുഎന്‍ സുരക്ഷാസമിതിയില്‍ ഇന്ന് അടഞ്ഞ വാതില്‍ ചര്‍ച്ച നടക്കും. ചൈനയാണ് ചര്‍ച്ചയ്ക്കുള്ള നോട്ടിസ് നല്‍കിയത്. പാകിസ്താന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങളെന്നാണ് കരുതുന്നത്.

ഇതേ വിഷയത്തില്‍ കഴിഞ്ഞ ആഗസ്റ്റിലും സുരക്ഷാസമിതിയില്‍ ചര്‍ച്ച നടന്നിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റിലായിരുന്നു അത്. അന്നും അടഞ്ഞ വാതില്‍ ചര്‍ച്ചയാണ് നടന്നത്. ചൈനയായിരുന്നു അന്നത്തെ ചര്‍ച്ചയ്ക്കു പിന്നിലും. അത് പക്ഷേ വിചാരിച്ച ഫലമുണ്ടാക്കിയില്ല. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നായിരുന്നു അന്ന് സുരക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടത്.

അതിനു ശേഷം ഡിസംബറില്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്കുള്ള ശ്രമം ഉണ്ടായെങ്കിലും  നടന്നില്ല.

സുരക്ഷാ സമിതിയില്‍ ഫ്രാന്‍സ്, റഷ്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി ചൈനയൊഴിച്ചുളള നാല് അംഗങ്ങള്‍ ഇന്ത്യയെ പിന്തുണച്ചിരുന്നു. കശ്മീര്‍ പാകിസ്താന്റെയും ഇന്ത്യയുടെയും ആഭ്യന്തര പ്രശ്‌നമാണെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ അത് പരിഹരിക്കണമെന്നും ഫ്രാന്‍സ് അഭിപ്രായപ്പെട്ടു. മറ്റ് സുരക്ഷാസമിതി അംഗങ്ങള്‍ക്കും അതേ അഭിപ്രായമാണ്. അതേസമയം കശ്മീരിലെ നിയന്ത്രണങ്ങളില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ചര്‍ച്ചകളില്‍ പാകിസ്താനും ഇന്ത്യയും പങ്കെടുക്കില്ല. അടഞ്ഞ വാതില്‍ ചര്‍ച്ചകളില്‍ സെക്യൂരിറ്റി കൗണ്‍ സ്ഥിരം അംഗങ്ങള്‍ മാത്രമേ ക്ഷണിക്കാറുള്ളു. 

Similar News