കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; നിലപാട് വ്യക്തമാക്കി താലിബാന്‍

Update: 2021-08-17 14:27 GMT

കാബൂള്‍: ഞായറാഴ്ച അഫ്ഗാന്‍ പിടിച്ചതിനു തൊട്ടു പിന്നാലെ ഇന്ത്യയോടും കശ്മീരിനോടുമുള്ള നയം വ്യക്തമാക്കി താലിബാന്‍. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടേണ്ടതാണെന്നും താലിബാന്റെ പ്രസ്താവനയില്‍ പറയുന്നു. ട്വിറ്ററില്‍ എഎന്‍ഐ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. താലിബാന്‍ കശ്മീരില്‍ കൈകടത്താതെ വിട്ടുനില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഏജന്‍സി റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഐഎസ്‌ഐ താലിബാനെ പാട്ടിലാക്കാന്‍ ശ്രമിക്കില്ലേയെന്ന ചോദ്യത്തിന് അതിന് സാധ്യതയില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

താലിബാന്‍ കശ്മീര്‍ പ്രശ്‌നത്തെ ഇന്ത്യയുടെ പ്രശ്‌നമായി കാണാനാണ് ഉദ്ദേശിക്കുന്നത്. കശ്മീര്‍ അവരുടെ അജണ്ടയിലില്ലെന്നും പറയുന്നു.

ഈ അടുത്ത കാലത്തുണ്ടായ ചില ആക്രമണങ്ങളുടെയും താലിബാന്‍ അധികാരം പിടിച്ചതിന്റെയും അടിസ്ഥാനത്തില്‍ കശ്മീര്‍ താഴ് വരയില്‍ ഇന്ത്യ കൂടുതല്‍ സൈനികരെ നിയോഗിച്ചിട്ടുണ്ട്.  കശ്മീര്‍ വിഷയത്തില്‍ സൂക്ഷിച്ചുമാത്രമേ ഇടപെടുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

താലിബാന്റെ വരവോടെ കശ്മീരിലെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാവുമെന്നാണ് പലരും കരുതുന്നത്. ഉദാഹരണത്തിന് മുന്‍ ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ എസ് വി വൈദ് അങ്ങനെ വിശ്വസിക്കുന്നവരുടെ പ്രതിനിധിയാണ്. 





Tags:    

Similar News