കശ്മീര്‍: കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദം നിറംപിടിപ്പിച്ചതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എം പി

വ്യാജ ഏറ്റുമുട്ടലുകള്‍ അടക്കം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Update: 2021-02-13 14:56 GMT
ന്യൂഡല്‍ഹി: ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷം ജമ്മു കശ്മീരില്‍ സ്വര്‍ഗീയ സുഖങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയെന്ന നിലയിലുള്ള ബിജെപി ഗവണ്‍മെന്റിന്റെ പ്രചരണങ്ങള്‍ നിറം പിടിപ്പിച്ചതും പര്‍വ്വതീകരിച്ചതുമാണെന്നും കാശ്മീരിന്റെ ദുരിതത്തിന് അറുതി വരുത്താന്‍ കഴിയുന്ന ഫലപ്രദമായ യാതൊരു നടപടിയും ഗവണ്‍മെന്റ് എടുത്തിട്ടില്ലന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. പാര്‍ലമെന്റില്‍ ജമ്മു കശ്മീര്‍ റി ഓര്‍ഗനൈസേഷന്‍ അമന്റ്‌മെന്റ് ബില്ലിന്റെ ചര്‍ച്ചവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് . മേഖലകളില്‍ ജമ്മുകശ്മീരില്‍ നിന്നുള്ള കേഡറുകളേയും , മീസോറം അരുണാചല്‍ പ്രദേശ് കേഡറുകളയും ഒന്നാക്കി മാറ്റന്ന നിയമമാണിത് . നിയമത്തെ പറ്റി ചര്‍ച്ച ചെയ്യുന്ന സമയത്ത് ഗവണ്‍മെന്റ് ആത്മ പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷം അവിടെത്തെ സ്ഥിതി വളരെ മോശമാണ്. അരാജകത്വം തുടരുന്നുണ്ട്. വികസന രംഗത്ത് മുരടിപ്പാണ്. ഏതാനും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നാമമാത്രമായി നടപ്പിലാക്കി എന്നല്ലാതെ കാര്യമായി ഒന്നും ഉണ്ടായിട്ടില്ല. വ്യാജ ഏറ്റുമുട്ടലുകള്‍ അടക്കം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ സര്‍ക്കാര്‍ ഇതിനെ കുറിച്ചൊന്നും ആലോചിക്കാതെ പ്രചരണ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയാണ് .


കഴിയുന്നത്ര വേഗത്തില്‍ സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരുമെന്നാണ് ഗവണ്‍മെന്റ് അന്ന് പറഞ്ഞിരുന്നത്. അതിനെ പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് തോന്നുന്നു. ഗവണ്‍മെന്റ് പറഞ്ഞതില്‍ വല്ല ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ അവര്‍ സഭയില്‍ പ്രഖ്യാപനം നടത്തട്ടെ. അതിന് ഈ കാലം വരെ കേന്ദ്രം തയ്യാറായിട്ടില്ലെന്നും ഇ. ടി മുഹമ്മദ്് ബഷീര്‍ പറഞ്ഞു.




Tags:    

Similar News